മീര ജാസ്മിനും പവൻ കല്യാണും പ്രധാന വേഷത്തിലെത്തിയ 2004-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ’ഗുഡുംബ ശങ്കർ’ റീ റിലീസിനൊരുങ്ങുന്നു. പവൻ കല്യാണിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലീസ്. ഓഗസ്റ്റ് 31-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരങ്ങൾ.
ചിത്രം വീണ്ടുമെത്തുന്നതിന്റെ സന്തോഷം മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഹൃദയത്തിന്റെ നിധിശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന വിലമതിക്കാനാകാത്ത ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്ന് പറഞ്ഞുകൊണ്ട് ഗുഡുംബ ശങ്കറിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു. പവൻ കല്യാണിന്റെ ദയയും സഹാനുഭൂതിയും അനുകമ്പയും കാഴ്ചപ്പാടുകളും തന്റെ ജീവിതത്തിലേയും സിനിമയിലേയും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിൽ പങ്കുവഹിച്ചുവെന്നും മീര ജാസ്മിൻ പറഞ്ഞു. ഈ ഓർമ്മകൾ പങ്കുവെക്കാനായത് ആദരവാണെന്നും മീര ജാസ്മിൻ കുറിച്ചു.
കല എല്ലായ്പ്പോഴും നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും മീര ജാസ്മിൻ കൂട്ടിച്ചേർത്തു. ’ഗുഡുംബ ശങ്കറി’ന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും നടി ആശംസ അറിയിച്ചു.
രണ്ടുപതിറ്റാണ്ടിന് ശേഷമാണ് ചിത്രം വീണ്ടുമെത്തുന്നത്. പവൻ കല്യാൺ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. നാഗേന്ദ്ര ബാബു നിർമിച്ച ചിത്രം വീരശങ്കർ ബൈരിസെട്ടിയാണ് സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക