ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന്റെയും വിലകുറച്ച് കേന്ദ്രം. 158 രൂപയാണ് 19 കിലോഗ്രാം എൽപിജിക്ക് കേന്ദ്രം കുറച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുറഞ്ഞ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നതോടെ ഡൽഹിയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 1522 രൂപയായി കുറയും.
നേരത്തെ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 200 രൂപ കുറച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടർ വിലയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് 200 രൂപ സബ്സിഡി നൽകുന്നത് തുടരുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഉജ്ജ്വല പദ്ധതിയിൽ ഉൾപ്പെട്ട ഉപഭോക്താക്കൾക്ക് 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിണ്ടറിന് മൊത്തം 400 രൂപയുടെ ഇളവ് ലഭിക്കും.
നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പുകളും നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക