ചോറിന് കറിവയ്ക്കാൻ പച്ചക്കറികൾ ഒന്നുമില്ലാതെ വിഷമിക്കുകയാണോ. പച്ചക്കറികൾ ഒന്നും ഇല്ലാതെ മിനിറ്റുകൾ കൊണ്ട് തയ്യാറാക്കാം ഒരു പച്ച പുളിശ്ശേരി. ഇതിനായി എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്നും നമുക്ക് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് നാളികേരം ചിരകിയെടുക്കാം. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. പിന്നീട് ഇതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളകും ഒരു നുള്ള് ജീരകവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. പിന്നീട് ഒരു കപ്പ് തൈര് മിക്സിയുടെ ജാറിൽ ഒന്ന് ഉടച്ചെടുക്കണം. ഉടച്ചെടുത്ത തൈര് അരച്ച് മാറ്റിവച്ച തേങ്ങയിലേക്ക് ചേർത്തു കൊടുക്കാം. പാകത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനു ശേഷം അല്പം എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് അല്പം ഉലുവയും കടുകും കറിവേപ്പിലയും വറ്റൽ മുളകും കൂടി ഇട്ട് മൂപ്പിച്ചതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചടിയിലേക്ക് ചേർത്തു കൊടുക്കാം. രുചികരമായ പച്ചപ്പുളിശ്ശേരി റെഡിയായി കഴിഞ്ഞു. ഇതുണ്ടെങ്കിൽ ഒരു ദിവസം മുഴുവൻ ചോറുണ്ണാൻ പിന്നെ മറ്റൊന്നും ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക