കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സ്ആപ്പ് ഉപഭോക്താക്കൾക്കിടയിലെ പ്രധാന ചർച്ചാവിഷയമാണ് വാട്സ്ആപ്പ് ചാനലുകൾ. നിരവധി പ്രമുഖരാണ് വാട്സ്ആപ്പ് ചാനലുകളുമായി രംഗത്തെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി മോഹൻലാൽ എന്നിങ്ങനെ നിരവധി പേരാണ് വാട്സ്ആപ്പ് ചാനലുകളിലൂടെ രംഗത്ത് വന്നത്.
9.25 ലക്ഷം ഫോളോവേഴ്സ് ആണ് മോഹൻലാലിന് ഉള്ളത്. 7.97 ലക്ഷം ആളുകൾ മമ്മൂട്ടിയുടെ വാട്സ്ആപ്പ് ചാനൽ പിന്തുടരുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 51 ലക്ഷം, അക്ഷയ്കുമാറിന് 41 ലക്ഷം, കത്രീന കൈഫിന് 84 ലക്ഷം എന്നിങ്ങനെയാണ് ഫോളോവേഴ്സിന്റെ എണ്ണം.
വൺവേ ബ്രോഡ്കാസ്റ്റിംഗ് ടൂളുകളായ വാട്സ്ആപ്പ് ചാനലുകളിലൂടെ ഏതൊരു മേഖലയിൽ പെട്ട ആളുകൾക്കും അവർക്ക് പങ്കുവെക്കേണ്ടുന്ന ഏറ്റവും പുതിയ അപ്ഡേറ്റുകളും വിവരങ്ങളും ഒക്കെ പങ്കുവയ്ക്കാനാകും. അപ്ഡേറ്റുകൾ നൽകാം എന്നല്ലാതെ പരസ്പരം സംവദിക്കാൻ കഴിയില്ല എന്നതുകൊണ്ട് തന്നെയാണ് ഇതിനെ വൺവേ ബ്രോഡ് കാസ്റ്റിംഗ് ടൂളുകൾ എന്ന് പറയുന്നത്.
ആർക്കുവേണമെങ്കിലും എത്ര വാട്ട്സ്ആപ്പ് ചാനലുകൾ വേണമെങ്കിലും തുടങ്ങാൻ സാധിക്കും. ലിങ്ക് പങ്കുവെക്കുന്നതിലൂടെ സുഹൃത്തുക്കളുമായി സംവദിക്കാനും കഴിയും. ഒരു വാട്സ്ആപ്പ് ചാനൽ തുടങ്ങി അതിന്റെ ലിങ്ക് ആരുമായി പങ്കിട്ടാലും അതിലൂടെ നിങ്ങളുടെ നമ്പറോ മറ്റു വിവരങ്ങളോ ആർക്കും ലഭിക്കില്ല എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക