കൊച്ചി: പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ മോചിത ആകാൻ സാധിക്കുകയുള്ളൂ. പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്.
കൂടാതെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്.
ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.
142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക