അഞ്ജലി മേനോന്റെ സംവിധാന മികവിൽ 2014 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രമായ ‘ബാംഗ്ലൂർ ഡേയ്സ്’ന്റെ ഹിന്ദി റീമേക്ക് ‘യാരിയാൻ 2’ന്റെ ട്രെയിലർ എത്തി. യഥാർത്ഥ ചിത്രത്തിന്റെ പ്രമേയത്തിൽ നിന്നും മാറ്റങ്ങൾ വരുത്തി നിർമ്മിക്കുന്ന ഹിന്ദി റീമേക്കിൽ മലയാളി താരങ്ങളായ പ്രിയാ വാര്യരും അനശ്വരാ രാജനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മനൻ ഭരദ്വാജ്, ഖാലിഫ് യോ യോ ഹണി സിംഗ് എന്നിവരുടെ സംഗീത മികവോടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്.
മലയാളി താരം അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായ ‘യാരിയാൻ 2’ ൽ ഇവരെ കൂടാതെ ദിവ്യാ ഖോസ്ല കുമാർ, മിസാൻ ജാഫ്രി, പേൾ വി പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ തുടങ്ങിയവരും വേഷമിടുന്നു. ടി സീരീസ് നിർമിച്ച് രാധികാ റാവു, വിനയ് സപ്രു എന്നിവർ ചേർന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രം അടുത്തമാസം തിയേറ്ററുകളിൽ എത്തും.
ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി 2014 ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘ബാംഗ്ലൂർ ഡേയ്സ്’ തിയേറ്ററുകളിൽ 50 കോടിക്കു മുകളിൽ കളക്ഷൻ നേടിയിരുന്നു. ആര്യ, റാണഗുബാട്ടി ബോബി സിൻഹ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി 2016 ൽ ‘ബാംഗ്ലൂർ നാട്കൾ’ എന്ന പേരിൽ ഭാസ്കർ തമിഴിൽ സംവിധാനം ചെയ്ത ചിത്രം പക്ഷേ വൻ പരാജയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക