ദോശ ഉണ്ടാക്കുമ്പോൾ ഇനി എന്നും ചമ്മന്തി അരയ്ക്കേണ്ട ആവശ്യമില്ല. ഒരു ദിവസം ഉണ്ടാക്കി മൂന്നുനാലു ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന ഒരു ചമ്മന്തിയാണ് പറയുന്നത്. ഇതിനായി ആദ്യം തന്നെ കുറച്ച് തക്കാളി എടുത്ത് കഴുകി വൃത്തിയാക്കിയതിനുശേഷം ചെറുതായി അരിഞ്ഞെടുക്കാം. ഇതിലേക്ക് കുറച്ച് പുളി കൂടി ചേർത്ത് കൊടുക്കാം.
പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ചതിനുശേഷം അതിലേക്ക് കുറച്ച് നല്ലെണ്ണ ഒഴിച്ചുകൊടുക്കണം. നല്ലെണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന തക്കാളിയും പുളിയും ചേർത്തു കൊടുക്കാം. പാകത്തിന് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കാം. നല്ലതുപോലെ വെന്ത് ഉടഞ്ഞു വരുമ്പോൾ ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കാം. ഇനി ഇത് തണുക്കാനായി മാറ്റിവെക്കാം. തണുത്തതിനുശേഷം ഇത് നല്ലതുപോലെ അരച്ചെടുക്കാം.
മറ്റൊരു പാൻ അടുപ്പത്ത് വച്ച് കുറച്ച് കടുകും ഒരു നുള്ള് ഉലുവയും ചേർത്ത് ചൂടാക്കി നല്ലതുപോലെ പൊടിച്ചെടുക്കാം. ഇത് മാറ്റിവയ്ക്കാം. അതേ പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് കടുകും ഉഴുന്നുപരിപ്പും ഇട്ട് പൊട്ടിച്ചെടുക്കാം. പിന്നീട് കുറച്ച് വെളുത്തുള്ളി ചേർത്ത് കൊടുക്കണം. അല്പം കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. അതിനുശേഷം നമ്മൾ അരച്ച് മാറ്റിവെച്ചിരിക്കുന്ന തക്കാളി ചേർത്തു കൊടുക്കാം. വേണമെങ്കിൽ അല്പം ഉപ്പു കൂടി ചേർക്കാം. ചോറിനും ചപ്പാത്തിക്കും ദോശക്കും എല്ലാം ഉപയോഗിക്കാവുന്ന കിടിലൻ ചമ്മന്തി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക