പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് കിഴങ്ങുവർഗങ്ങളിൽ പ്രധാനിയായ മധുരക്കിഴങ്ങ്. വിറ്റാമിൻ എ, സി, ഡി, ബി കോംപ്ലക്സ്, നാരുകൾ, ധാതുലവണങ്ങൾ, അന്നജം തുടങ്ങിയവയാൽ സമ്പുഷ്ടമാണ് മധുരക്കിഴങ്ങ്. ബീറ്റാ കരോട്ടിൻ അടങ്ങിയതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് മധുരക്കിഴങ്ങ്.
ശ്രീവർദ്ധിനി, ശ്രീ നന്ദിനി, ശ്രീരത്ന, ശ്രീ കനക എന്നിവയെല്ലാം നല്ല മധുരക്കിഴങ്ങിനങ്ങളാണ്. കർഷകർക്ക് പുതിയ നല്ല ഇനം നടീൽ വസ്തുക്കൾക്കായി തിരുവനന്തപുരം ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
മധുരക്കിഴങ്ങ് നടേണ്ട രീതി എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ നിലം ഉഴുത് നിരപ്പാക്കണം. പിന്നീട് രണ്ടടി അകലത്തിൽ ഒരടി ഉയരത്തിൽ വാരങ്ങൾ എടുക്കുക. ഈ വാരങ്ങളിൽ 15 മുതൽ 20 cm വരെ അകലത്തിൽ വള്ളിയുടെ തലപ്പുകൾ നടണം. അഗ്രഭാഗങ്ങൾ മണ്ണിനു മുകളിൽ ആക്കി മൊട്ടുകൾ വരുന്ന നടുഭാഗം മണ്ണ് മൂടത്തക്ക വിധമാണ് നടേണ്ടത്.
ഒരു സെന്റിന് അടിവളമായി 40 കിലോഗ്രാം ചാണകം/ കമ്പോസ്റ്റ് നൽകാം. ഇതുകൂടാതെ 650 ഗ്രാം യൂറിയ, ഒരു കിലോ രാജ് ഫോസ്, 500ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും ചേർക്കാം. പകുതി യൂറിയയും മുഴുവൻ രാജ് ഫോസും പൊട്ടാഷും അടിവളമായും ബാക്കി പകുതി യൂറിയ 5 ആഴ്ച കഴിഞ്ഞ് മണ്ണ് കൂട്ടി കൊടുക്കുമ്പോഴും ആണ് ചേർക്കേണ്ടത്.
മഴ തീരെ കുറവാണെങ്കിൽ ആദ്യത്തെ പത്ത് ദിവസം രണ്ട് ദിവസത്തിലൊരിക്കൽ നനച്ചു കൊടുക്കേണ്ടതും അത്യാവശ്യമാണ്. മൂന്നോ നാലോ മാസത്തിനുള്ളിൽ വിളവെടുക്കാം, കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുമെന്നുമുള്ളതാണ് മധുരക്കിഴങ്ങിന്റെ പ്രത്യേകത. വിളവെടുപ്പ് സമയത്ത് ഒട്ടും മധുരമില്ലാത്ത മധുരക്കിഴങ്ങ് നിശ്ചിത കാലം സംഭരിച്ചു വെക്കുന്നതിലൂടെ മധുരം കൈവരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക