കട്ടൻ ചായയുടെ കൂടെ കഴിക്കാൻ വൈകുന്നേരങ്ങളിൽ ഒരു സിമ്പിൾ സ്നാക്ക് തയ്യാറാക്കാം. ബ്രഡ് ഉപയോഗിച്ചാണ് ഈ സ്നാക്ക് തയ്യാറാക്കി എടുക്കുന്നത്. ഇതിനായി ആദ്യം തന്നെ കുറച്ച് ബ്രെഡ് സ്ലൈസ് എടുത്ത് ചെറിയ കഷണങ്ങളാക്കിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം.
പിന്നീട് ഇതിലേക്ക് ഒരു സവാള തൊലി കളഞ്ഞത് അരിഞ്ഞത് കൂടി ചേർത്തു കൊടുക്കാം. എരുവിന് ആവശ്യമായ ഒന്നോ രണ്ടോ പച്ചമുളക് കൂടി ചേർത്ത് കൊടുക്കാം. പിന്നീട് കുറച്ച് വലിയ ജീരകവും പാകത്തിന് ഉപ്പും ചേർത്തു കൊടുക്കണം. അല്പം മല്ലിയിലയും കുറച്ച് കറിവേപ്പിലയും കൂടി ചേർത്തതിനുശേഷം വെള്ളമൊന്നും ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കാം.
ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കണം. കൈയിൽ അല്പം എണ്ണയോ വെള്ളമോ തടവിയതിന് ശേഷം ഈ മിക്സ് കുറേശ്ശെയായി എടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ ആക്കി എടുക്കാം. ഒരു പാനിൽ എണ്ണ നല്ലതുപോലെ ചൂടാക്കിയതിനു ശേഷം നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന സ്നാക്ക് ഓരോന്നായി എടുത്ത് അല്പം ബ്രഡ് പൊടിയിൽ മുക്കിയതിനു ശേഷം തിളച്ച എണ്ണയിലേക്ക് ഇട്ടു കൊടുക്കാം. മീഡിയം തീയിൽ വെച്ച് രണ്ട് മിനിറ്റ് നേരം വേവിച്ചെടുക്കാം. രുചികരമായ സിമ്പിൾ നാലുമണി പലഹാരം റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക