ശരിയായ രീതിയിലുള്ള സസ്യ പോഷണം വാണിജ്യ കൃഷിയിൽ ഏറ്റവും പ്രധാനമാണ്. മണ്ണ് പരിശോധനയ്ക്ക് ശേഷം മാത്രമേ ഏത് വിളയാണെങ്കിലും വളപ്രയോഗം ചെയ്യാൻ പാടുള്ളൂ. ചെടികളുടെ ഇലകൾക്ക് ആവശ്യമായ പച്ചനിറം നൽകാൻ സഹായിക്കുന്ന മൂലകമാണ് മഗ്നീഷ്യം.
മണ്ണിൽ വേണ്ടത്ര മഗ്നീഷ്യം ഇല്ല എങ്കിൽ ഒരോ ചെടിയുടെയും അടിയിലുള്ള പ്രായമായ ഇലകൾ പെട്ടെന്ന് മഞ്ഞളിച്ച് വാർദ്ധക്യം ബാധിച്ച് അകാലചരമടയുന്നതിന് കാരണമായി തീരുകയും ഇളം ഇലകൾ പ്രായമായ ഇലകളിൽ നിന്നും മഗ്നീഷത്തെ മുഴുവൻ ഊറ്റി എടുക്കുകയും ചെയ്യും.
ശക്തമായ മഴയിൽ ഒലിച്ചുപോകുന്ന മൂലകങ്ങളിൽ പെട്ട മഗ്നീഷ്യം നമ്മൾ വേണ്ടത്ര ചേർത്ത് കൊടുത്തില്ലെങ്കിൽ മണ്ണിൽ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞു കാണാനും സാധ്യതയുണ്ട്. മഗ്നീഷ്യം കുറയുന്ന അവസ്ഥ ഉണ്ടാകുമ്പോൾ ചെടികളുടെ ഇലകൾ പെട്ടെന്ന് മഞ്ഞളിച്ചു പോകുകയും ഞരമ്പുകൾ പച്ചയായും ഞരമ്പുകൾക്കിടയിലുള്ള സ്ഥലം വിളറിയും കാണപ്പെടുന്നു.
സൾഫേറ്റ്, ഡോളോമൈറ്റ് എന്നിങ്ങനെ രണ്ട് രൂപങ്ങളിൽ മഗ്നീഷ്യം മണ്ണിൽ ചേർത്ത് കൊടുക്കാൻ സാധിക്കും. മഗ്നീഷത്തിന്റെ അളവ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മണ്ണുകളിൽ കുറഞ്ഞാണ് കാണപ്പെടുന്നത്. മഗ്നീഷത്തിന്റെ കുറവ് കാണപ്പെടുന്നുവെങ്കിൽ അടിസ്ഥാന വളത്തിനൊപ്പം ഏക്കറിന് 8 കിലോ മഗ്നീഷ്യം സൾഫേറ്റ് ചേർത്ത് കൊടുക്കണം.
മഗ്നീഷ്യത്തിന്റെ കുറവ് കാണുമ്പോൾ തന്നെ മഗ്നീഷ്യം സൾഫേറ്റ് അഞ്ചു മുതൽ 8 ഗ്രാം വരെ എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയതിനുശേഷം ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. പ്രധാനമായും തുലാവർഷം തീരുന്നതിനു മുൻപ് തെങ്ങുകൾക്ക് മഗ്നീഷ്യം സൾഫേറ്റ് 500 ഗ്രാം വീതം മണ്ണിൽ ചേർത്തു കൊടുക്കണം. 25 രൂപ മുതൽ 35 രൂപ വരെയാണ് ഒരു കിലോഗ്രാം മഗ്നീഷ്യം സൾഫേറ്റിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക