മുട്ട അമിതമായി കഴിക്കുന്നത് കാരണം കൊളസ്ട്രോളുണ്ടാക്കുമെന്ന ആശങ്ക നമ്മളിൽ പലർക്കും ഉണ്ട്. എന്നാൽ ദിവസവും ഒരു മുട്ട വീതം കഴിക്കുന്നവർക്ക് പക്ഷാഘാതവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്.
അഞ്ച് ലക്ഷത്തോളം മുതിർന്നയാൾക്കാരിലാണ് ഈ പഠനം നടത്തിയത്. ചൈനയിലെ ജനങ്ങളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇതിന് പിന്നാലെ കൂടുതൽ വിശദമായ പഠനം ജനസംഖ്യാടിസ്ഥാനത്തിലും നടത്തിയിട്ടുണ്ട്.
ചൈനയിലെ കഡൂറി ബയോബാങ്കിൽ നിന്നുള്ള 4,778 പേരിലാണ് ഗവേഷണം നടത്തിയത്. ചൈനയിലെ പീക്കിങ് യൂണിവേഴ്സിറ്റിയിലെ ലാങ് പാനാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. മുട്ട ഭക്ഷിക്കുന്നത് ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യം വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. പരിശോധനയ്ക്ക് വിധേയരായ 4,778 പേരിൽ 3,401പേർ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരും 1,377 പേർ അസുഖങ്ങൾ ഇല്ലാത്തവരുമാണ്.
മിതമായ നിരക്കിൽ മുട്ട ഭക്ഷിക്കുന്നവരുടെ രക്തത്തിൽ, രക്തക്കുഴലുകളിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ തന്മാത്രകൾ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക