രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ പുരസ്കാരം നേടി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം ലഭിച്ചത്.
സ്റ്റേഷനിലെയും പരിസരത്തെയും ശുചിത്വം, ഉദ്യോഗസ്ഥരുടെ പെരുമാറ്റവും സമീപനവും, പരാതികൾ സ്വീകരിക്കുന്നതു മുതൽ തീർപ്പാക്കുന്നതുവരെയുള്ള നടപടികളും ഉന്നത നിലവാരം പുലർത്തുന്നു എന്നിവയെല്ലാമാണ് ഐഎസ്ഒ അംഗീകാരം ലഭിക്കുന്നതിനുള്ള അനുകൂല ഘടകങ്ങളായി മാറിയത്.
കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലെ കൃത്യത, കുറ്റാന്വേഷണ മികവ്, കുറ്റകൃത്യങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയൽ തുടങ്ങിയവയെല്ലാം ഐഎസ് അംഗീകാരം നേടുന്നതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനെ സഹായിച്ചു. ശിശു സൗഹൃദ കേന്ദ്രം, പോലീസ് ഉദ്യോഗസ്ഥർക്കുള്ള വിശ്രമ സംവിധാനങ്ങൾ, നവീന ഫിറ്റ്നസ് സെന്റർ, സന്ദർശകർക്കുള്ള വിശ്രമ സൗകര്യങ്ങൾ, സ്റ്റേഷൻ രേഖകളുടെ അടുക്കും ചിട്ടയുമായുള്ള ക്രമീകരണം എന്നിവയെല്ലാം പരിഗണിച്ചാണ് പ്രതിനിധികൾ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം നൽകിയത്.
തൃശ്ശൂർ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന സ്റ്റേഷനുകളിൽ ഒന്നായ കൊടുങ്ങല്ലൂർ സ്റ്റേഷന് ലഭിച്ച ഈ അംഗീകാരം സഹപ്രവർത്തകരുടെ ആത്മാർത്ഥതടെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു പറഞ്ഞു.
തൃശ്ശൂർ ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനുള്ള ജില്ലാ പോലീസ് മേധാവിയുടെ അംഗീകാരവും 2022 രണ്ടാം പാദത്തിൽ കൊടുങ്ങല്ലൂർ സ്റ്റേഷൻ തേടിയെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക