ഏത് കാലാവസ്ഥയിലും ധാരാളമായി വളരുന്ന ഒന്നാണ് ബീൻസ്. സാധാരണയായി കേരളത്തിൽ ശീതകാലങ്ങളിലാണ് ബീൻസ് കൃഷി ചെയ്തുവരുന്നത്. രുചി വളരെയധികം ഉണ്ട് എന്നതിനാലും കൊഴുപ്പിന്റെ അംശം കൂടുതലായതും നാരുകൾ വളരെയധികം അടങ്ങിയിട്ടുള്ളതും പോഷക ഗുണങ്ങൾ നിരവധിയാണ് എന്നുള്ളതുമെല്ലാം ബീൻസിനെ ജനപ്രിയമാക്കി മാറ്റി.
കേരളത്തിൽ ബീൻസ് കൃഷി ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നും ബീൻസ് എങ്ങനെ കൃഷി ചെയ്യാം എന്നും നോക്കാം. സാധാരണയായി ബീൻസ് കുറ്റിച്ചെടിയായി വളരുന്നവ, പടർന്നു വളരുന്നവ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഉള്ളത്. കുറ്റിച്ചെടിയായി വളരുന്ന ബീൻസിന് പൊതുവേ ദൈർഘ്യം കുറവാണ്. കുറഞ്ഞ വിളവ് മാത്രം തരുന്ന ഇത്തരം ബീൻസിൽ നിന്നും 40 മുതൽ 50 വരെ ബീൻസ് ഒരു ചെടിയിൽ നിന്നും രണ്ടോ മൂന്നോ തവണയായി വിളവെടുക്കാവുന്നതാണ്. എന്നാൽ വള്ളിയായി പടർന്നു വളരുന്ന ബീൻസിന് പൊതുവേ കുറച്ച് ഏറെ കാലം ദൈർഘ്യമുണ്ട്. പന്തലൊരുക്കിയാണ് വള്ളികളിൽ പടരുന്ന ബീൻസ് കൃഷി ചെയ്യേണ്ടത്.
വള്ളിയിൽ പടരുന്ന ബീൻസിന് ഒന്നുമുതൽ ഒന്നര മീറ്റർ നീളമുള്ള കാലുകൾ സ്ഥാപിച്ച് പന്തലൊരുക്കുമ്പോൾ കുറ്റിച്ചെടി ബീൻസ് നടുമ്പോൾ വരികൾക്കിടയിൽ 30 cm അകലവും വിത്തുകൾക്കിടയിൽ 20 cm അകലവും പാലിക്കേണ്ടതാണ്. കുറ്റിച്ചെടി ബീൻസ് ഇനത്തിൽ പെട്ട ‘കെന്റക്കി വണ്ട’ർ എന്ന ബീൻസ് ഇനം കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമായതാണ്. മറ്റൊരു ഇനമായ പോൾ ബീൻസുകൾ നടുമ്പോൾ തടങ്ങൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുകയും ഒരേ തടത്തിൽ തന്നെ അഞ്ചു വിത്തുകൾ വരെ പാകുകയും ആരോഗ്യമുള്ള മൂന്നു തൈകൾ നിലനിർത്തി ബാക്കിയുള്ളവയെ ഒഴിവാക്കുകയും ചെയ്യാവുന്നതാണ്.
മണ്ണിന്റെ അമ്ലത കുറയ്ക്കാനും കാൽസ്യത്തിന്റെ അഭാവം പരിഹരിക്കാനുമായി ബീൻസ് നടുന്നതിനു മുൻപ് തന്നെ മണ്ണിൽ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അടിവളമായി 80 കിലോഗ്രാം വരെ ജൈവവളവും പ്രയോഗിക്കാവുന്നതാണ്. നാരുകൾ ദൃഢമാകുന്നതിന് മുൻപ് ബീൻസ് വിളവെടുക്കാനും ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക