പത്തനംതിട്ട: ഗവര്‍ണര്‍ക്കെതിരെ സർക്കാർ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയൽ ചെയ്തത് തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഗവർണർക്കെതിരായ നീക്കം തെറ്റാണെന്ന് സുധാകരൻ പറഞ്ഞു. ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കണമെന്നു പറഞ്ഞാല്‍ അതിന്റെ ആത്മാവിനെ കൊല്ലുന്നതിന് തുല്യമാണ്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ ഉള്‍പ്പടെ ഗവര്‍ണര്‍ പിടിച്ചുവെച്ചിട്ടുണ്ട്. ഇത്തരം ബില്ലുകളോടൊന്നും കോൺഗ്രസ് യോജിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.
ഗവര്‍ണറും സര്‍ക്കാറും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. ഭരണഘടനപരമായി ഇരുവര്‍ക്കും നല്‍കേണ്ട ബഹുമാനം ഞങ്ങള്‍ നല്‍കും. ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കാൻ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാൻ വേണമെന്നൊന്നും ഞങ്ങള്‍ക്കില്ല. എന്നാല്‍, ഗവര്‍ണര്‍ ഭരണഘടനാപരമായി തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്തണമെന്ന് പറയുമ്പോള്‍ അത് തിരുത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും സുധാകരൻ പറഞ്ഞു. അവരെ നിയമാനുസൃതം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടിടത്തെല്ലാം കോണ്‍ഗ്രസ് ചെയ്യാറുണ്ട്. ഭരണഘടനാ വിരുദ്ധമായ ഒരു കാര്യത്തിനും പ്രേരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും കെ സുധാകരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക