തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ഈ മാസം പത്തിന് ചേരും. മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും. മന്ത്രിസഭ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്കി.
നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാര്‍ വിഭാഗത്തിന്റെ ആവശ്യം. കേരളാ കോണ്‍ഗ്രസ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് കത്ത് നല്‍കിയത്. മുന്നണി ധാരണ പ്രകാരം മന്ത്രിസഭ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും ഒഴിയേണ്ടതുണ്ട്. ഇവര്‍ക്ക് പകരം രാമചന്ദ്രന് കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും മന്ത്രിമാരാകുമെന്നാണ് ധാരണ.
നവംബറില്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്‍കാതിരുന്നത് പാര്‍ട്ടിയിലെ ധാരണ പ്രകാരമാണ്. സമയപരിധി തീരാനായതോടെയാണ് ഔദ്യോഗികമായി ആവശ്യപ്പെട്ടുള്ള സമ്മര്‍ദങ്ങളിലേക്ക് പാര്‍ട്ടിയും ഗണേഷ് കുമാറും കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക