പ്രായമാവുന്തോറും നമ്മുടെ ശരീരത്തില്‍ പൊതുവെ മാറ്റങ്ങള്‍ കണ്ടുവരാറുണ്ട്. ദഹനപ്രക്രിയ, എല്ലുകള്‍ പെട്ടെന്ന് പൊട്ടാനും പൊടിയാനും സാധ്യത, ക്ഷീണ കൂടുതല്‍ എന്നിവയെല്ലാം പ്രായമായവരില്‍ കണ്ടു തുടങ്ങാം. അതുകൊണ്ട് തന്നെ പ്രായമേറിയവരുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകശ്രദ്ധ നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്.
പ്രായമാവുമ്പോള്‍ ഏറ്റവും പ്രധാനമായി മാറ്റമുണ്ടാവുന്നത് ദഹനപ്രക്രിയയിലാണ്. ദഹനരസങ്ങളുടെ ഉത്പാദനം കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആ സമയത്ത് ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുക. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണവും മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണവും ദഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. വറുത്തതും പൊരിച്ചതുമെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം. അവ കഴിക്കുമ്പോള്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കൂടും. അമിതമായ കൊഴുപ്പ് രക്തധമനികളിലും മറ്റും അടിഞ്ഞുകൂടി, അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.
റെഡ് മീറ്റ്, മുട്ടയുടെ മഞ്ഞക്കരു എന്നിവ പ്രായമായവര്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇവയില്‍ പൂരിത കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. ബേക്കറി പലഹാരങ്ങളും ഹോട്ടല്‍ ഭക്ഷണവും കഴിക്കുമ്പോഴും ശ്രദ്ധിക്കണം. ബേക്കറി പലഹാരങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളും ഹോട്ടല്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന എണ്ണയും മറ്റ് ചേരുവകളും ഉദരപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതുപോലെ കൃത്രിമ പാനീയങ്ങളും ശീതളപാനീയങ്ങളുമെല്ലാം പൂര്‍ണമായി ഒഴിവാക്കണം.
പെട്ടെന്ന് ദഹിക്കുന്ന, നാരുകളും ആന്റി ഓക്സിഡന്റുകളും കാത്സ്യവും അടങ്ങിയ ഭക്ഷണമാണ് പ്രായമുള്ളവര്‍ കഴിക്കേണ്ടത്. കഞ്ഞി, പയര്‍, ഇഡ്ഡലി, ഓട്സ്, പഴങ്ങള്‍ എന്നിവയൊക്കെ മാറി മാറി പരീക്ഷിക്കാം. പ്രഭാതഭക്ഷണം നന്നായി കഴിക്കണം. കഞ്ഞി-പയറോ, ദോശയോ ഇഡ്ഡലിയോ കഴിക്കാം. ഒപ്പം ചെറിയ പഴങ്ങളും.
ഉച്ചയ്ക്ക് ചോറിന്റെ അളവ് കുറച്ച് കറികള്‍ കൂടുതലായി കഴിക്കുക. അത്താഴം വളരെ ലഘുവായി മതി. പെട്ടെന്ന് ദഹിക്കുന്നതുകൊണ്ട് രാത്രിയില്‍ ഓട്സ് കഴിക്കാം. അല്ലെങ്കില്‍ കഞ്ഞിയോ പയറോ ആവാം. ഇടനേരങ്ങളില്‍ പഴങ്ങളോ ബിസ്കറ്റോ കഴിക്കുക. എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. കാരറ്റ് ജ്യൂസാണെങ്കില് ഏറ്റവും നല്ലത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രണ്ടോ മൂന്നോ ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക