ജീവകങ്ങളും ധാതുലവണങ്ങളും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ പ്രകൃതിദത്തമായ ഉറവിടമാണ്. എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന വിറ്റാമിന്‍ സി യാണ് നെല്ലിക്കയിലുള്ളത്. അതായത് ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളതിനേക്കാള്‍ രണ്ട് ഇരട്ടിയിലധികം വിറ്റാമിന്‍ സി നെല്ലിക്കയിലുണ്ട്. വിറ്റാമിന്‍ എയും ജലത്തില്‍ ലയിക്കുന്ന നാരുകളും ഇതില്‍ ധാരാളമുണ്ട്.
ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ പ്രയാസങ്ങള്‍ കുറയ്ക്കാനും ആമാശയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും നെല്ലിക്കയിലെ വെള്ളത്തില്‍ ലയിക്കുന്ന നാരുകള്‍ സഹായിക്കും. അതുപോലെ തന്നെ ഇതിലെ നാരുകള്‍ പൈല്‍സ്, മലബന്ധം, അര്‍ശസ് തുടങ്ങിയ രോഗാവസ്ഥയിലും ഫലപ്രദമാണ്. കൊഴുപ്പ് അലിയിച്ചുകളയാനുള്ള ഇതിന്റെ ഗുണം ഭാരനിയന്ത്രണത്തിന് സഹായിക്കും. ഒപ്പം പേശികളുടെ നിര്‍മാണത്തിന് സഹായിക്കുകയും ചെയ്യുന്നു.
നെല്ലിക്കയിലെ നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ പോളിഫിനോള്‍സ് പോലുള്ള ഘടകങ്ങള്‍ നാരുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. രക്തശുദ്ധീകരണത്തിനും നെല്ലിക്ക ഗുണകരമാണ്. മൂത്രത്തിലൂടെ ഓര്‍ഗാനിക് മാലിന്യങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു. നെല്ലിക്കയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ശരീരത്തെ ശുദ്ധീകരിക്കാനും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും പ്രായാധിക്യം മൂലം ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനും സഹായിക്കും.
മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക നല്ലതാണ്. മുടിവേരുകള്‍ക്ക് കരുത്ത് പകരാനും മുടി തഴച്ച് വളരാനും അകാലനര തടയാനും അറ്റം പിളരുന്നത് പ്രതിരോധിക്കാനുമെല്ലാം ഇതിലെ വിറ്റാമിന്‍ -സിയും മറ്റ് ആന്റി ഓക്സിഡന്റുകളും സഹായിക്കും. നെല്ലിക്കയിലെ പോളിഫിനോള്‍സ്, ആല്‍ക്കലോയ്ഡ്, ഫ്ളവനോയ്ഡ് എന്നിവയ്ക്ക് ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്.
നെല്ലിക്കയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. ചെങ്കണ്ണ് രോഗാവസ്ഥയിലും കണ്ണിനുണ്ടാകുന്ന മറ്റ് രോഗങ്ങളിലും വിറ്റാമിന്‍-സി ഗുണപ്രദമാണ്. ഓര്‍മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും നെല്ലിക്കയിലെ ഫൈറ്റോന്യൂട്രിയന്റുകളും ആന്റി ഓക്സിഡന്റുകളും ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക