നടൻ മുകേഷിന്റെ അഭിനയ ജീവിതത്തിലെ മുന്നൂറാമത് ചിത്രമായ ‘ഫിലിപ്സ്’ ന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ചിരിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ പ്രിയങ്കരനായ മുകേഷ് നായകനായി എത്തുന്ന ചിത്രം കുടുംബ ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകർക്ക് മികച്ച ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുക എന്ന് ഉറപ്പിക്കുന്നതാണ് പുറത്തിറങ്ങിയ ട്രെയിലർ.
നവംബർ 24ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആൽഫ്രഡ് കുര്യൻ ജോസഫ് ആണ്. ഹെലൻ എന്ന പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രത്തിന്റെ ടീം ഒരുക്കുന്ന ചിത്രത്തിൽ അന്തരിച്ച പ്രശസ്ത താരം ഇന്നസെന്റ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇന്നസെന്റിന്റെ അവസാന ചിത്രമായ ഫിലിപ്സിൽ ഇവരെ കൂടാതെ നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്യൂൻ വിബിൻ, ശ്രീധന്യ, അജിത്ത് കോശി, അൻഷ മോഹൻ, ചാർലി,സച്ചിൻ നാച്ചി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുബിൻ കെ വർക്കി പ്രശോഭ കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസ് പ്രദർശനത്തിന് എത്തിക്കുന്ന ചിത്രം ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക