കണ്പോളകളെ ചലിപ്പിക്കുന്ന പേശികള്‍ക്ക് ബലംകുറയുകയോ അവ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യുന്നതുമൂലം പോളകള്‍ തൂങ്ങി കണ്ണിനെ ഭാഗികമായി മൂടുന്ന അവസ്ഥയാണ് ടോസിസ്. 40 വര്‍ഷത്തോളമായി താന്‍ അനുഭവിക്കുന്ന രോഗാവസ്ഥയെക്കുറിച്ച് ബോളിവുഡ് നടി സീനത്ത് അമന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതോടെയാണ് ടോസിസിെനക്കുറിച്ച് ചര്‍ച്ചയായത്.
ടോസിസ് രോഗാവസ്ഥയിലൂടെ കാഴ്ച തടസ്സപ്പെടുകയും മുന്നിലുള്ള വസ്തുക്കളെ കാണാന്‍ രോഗിക്ക് മുഖം പിറകിലേക്കാക്കി നോക്കേണ്ടിവരികയുമൊക്കെ ചെയ്യാം. രോഗം പ്രത്യക്ഷപ്പെടുമ്പോഴുള്ള പ്രായത്തെ അടിസ്ഥാനമാക്കിയാണ് അത് ജന്മനാ ഉള്ള രോഗമാണോ മറ്റു കാരണങ്ങള്‍ കൊണ്ടുവന്നതാണോ എന്ന് തിരിച്ചറിയുന്നത്. ശരിയായ രോഗകാരണം മനസ്സിലാക്കി ശസ്ത്രക്രിയയിലൂടെയോ അല്ലാതെയോ ചികിത്സിക്കാവുന്നതാണ്.
തൂങ്ങിക്കിടക്കുന്ന കണ്‍പോളയാണ് പ്രധാനലക്ഷണം. കണ്പോള എത്രത്തോളം തൂങ്ങിക്കിടക്കുമെന്നത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. കാഴ്ച വ്യക്തമാകാന്‍ വേണ്ടി തല പിന്നിലേക്ക് ചെരിക്കുക (ഇത് തലയ്ക്കും കഴുത്തിനും പ്രശ്നങ്ങളുണ്ടാക്കാം). പുരികങ്ങള്‍ ആവര്‍ത്തിച്ച് ഉയര്‍ത്തി കണ്പോള ഉയര്‍ത്താന്‍ ശ്രമിക്കുക. ടോസിസ് ബാധിച്ച കണ്ണ് മറ്റേതിനേക്കാള്‍ ചെറുതായിത്തോന്നും. ഏതെങ്കിലും രോഗത്തിന്റെ ഭാഗമായിട്ടാണ് ടോസിസ് വരുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളുമുണ്ടാകാം.
പ്രായാധിക്യം കൊണ്ടോ, കണ്ണിനു ചുറ്റുമുള്ള പേശികളുടെ ദൗര്‍ബല്യം കൊണ്ടോ, നാഡീകള്ക്കുള്ള തകരാര്‍ കൊണ്ടോ, ജന്മനാലുള്ള പ്രശ്നങ്ങള്‍ കൊണ്ടോ ടോസിസ് വരാം. ടോസിസ് കാഴ്ചയെ ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുത്താം. നേത്രശസ്ത്രക്രിയകളുടെ പരിണിതഫലമായും ചിലപ്പോള്‍ കണ്പേശികളെ ബാധിക്കുന്ന അസുഖംമൂലവും ഇതുവരാറുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് രോഗം സങ്കീര്‍ണമാകാനും കാഴ്ചാശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ടോസിസ് വരാമെന്നു നേത്രരോഗ വിദഗ്ധര്‍ പറയുന്നു. കുട്ടികളില്‍ കണ്ടുവരുന്ന ടോസിസ് പലപ്പോഴും ജന്മനാ ഉള്ളതാകാം. ഇതാണ് കോന്‍ജെനിറ്റല്‍ ടോസിസ്. കണ്പോളകളെ യഥാസ്ഥാനത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ലിവേറ്റര്‍ പേശികളിലുണ്ടാവുന്ന പ്രശ്നമാണ് പ്രധാനമായും രോഗകാരണം. ടോസിസ് ബാധിതരായ കുട്ടികളില്‍ കാഴ്ചാവൈകല്യമുണ്ടാവാനിടയുണ്ട്. കൃത്യസമയത്ത് നേത്രരോഗവിദഗ്ധനെ കാണുന്നതാവും ഉചിതം. കുട്ടിയുടെ പ്രായം, രണ്ടു കണ്പോളകളെയും ബാധിച്ചിട്ടുണ്ടോ, കണ്പോളകളുടെ വലിപ്പം, പേശികളുടെ ശക്തി, കണ്ണിന്റെ ചലനങ്ങള്‍ എന്നിവ വിലയിരുത്തിയായിരിക്കും ചികിത്സ. ചില അവസരങ്ങളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് ശുപാര്‍ശ ചെയ്യാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക