ആലുവ: കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് മന്ത്രി ഡോ.ആർ ബിന്ദുവും മന്ത്രി പി.രാജീവും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
‘അങ്ങേയറ്റം ദുഃഖകരമായ സംഭവം. അപ്രതീക്ഷിതമായ സംഭവമാണ് കുസാറ്റിലുണ്ടായത്. നാല് പേരെയാണ് നമുക്ക് നഷ്ടമായത്. ഐസിയുവിലുള്ള രണ്ട് പേരുടെ നില ആശങ്കാജനകമല്ല. ആസ്റ്ററിലേയും കിൻഡറിലേയും ചുമതലക്കാരുമായി സംസാരിച്ചു. ആസ്റ്ററിൽ ഐസിയുവിലുള്ളവരുടെ നില അൽപം ക്രിട്ടിക്കലാണ്. കിൻഡറിലുള്ള രണ്ട് പേരുടേയും പരക്ക് സാരമുള്ളതല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. എല്ലാവിധത്തിലുമുള്ള ചികിത്സാ സംവിധാനങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്’ മന്ത്രി പി രാജീവ് പറഞ്ഞു.
ഇന്നലെ രാത്രി 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്.
കുസാറ്റിലെ ഓപ്പൺ സ്റ്റേജിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പൺ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോൾ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേർ ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക