ലോകത്തിലെ തന്നെ വളർന്നുവരുന്ന ടെക് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളത്തിൽനിന്ന് തിരുവനന്തപുരവും. വളർന്നുവരുന്ന 24 ടെക് നഗരങ്ങളുടെ പട്ടികയിലാണ് കേരളത്തിൽനിന്ന് തിരുവനന്തപുരവും സ്ഥാനം നേടിയത്.
അന്താരാഷ്ട്ര ഏജൻസിയായ ബിസിഐ ഗ്ലോബൽ നടത്തിയ പഠനത്തിൽ നൂതന വ്യവസായങ്ങളിലും സോഫ്റ്റ്വെയർ രംഗത്തും നടത്തിയ മുന്നേറ്റമാണ് തിരുവനന്തപുരത്തെ പട്ടികയിൽ ഇടം പിടിക്കാൻ സഹായിച്ചത്. കൊൽക്കത്ത മാത്രമാണ് ഇന്ത്യയിൽ നിന്ന് തിരുവനന്തപുരത്തോടൊപ്പം പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
ജനസംഖ്യ പത്തു ലക്ഷത്തിൽ അധികമുള്ളതും അന്താരാഷ്ട്ര വിമാനത്താവളം, ഡിജിറ്റൽ ഹബുകൾ, ദേശീയപാതകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതുമായ നഗരങ്ങളെ പരിഗണിച്ച് നടത്തിയ പഠനത്തിൽ അമേരിക്ക( യു എസ്, കാനഡ, ലാറ്റിൻ അമേരിക്ക ),ഇ എം ഇ എ (യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക ), ഏഷ്യ- പെസഫിക് ഇനി മൂന്നു വിഭാഗങ്ങളിലെ എട്ടു വീതം നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടത്.
പട്ടികയിൽ ഉൾപ്പെടാൻ തിരുവനന്തപുരത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത് മികച്ച കാലാവസ്ഥ, മികച്ച ജീവിത നിലവാരം, കുറഞ്ഞ അപകട സാധ്യത, കുറഞ്ഞ ജീവിത ചെലവ് എന്നിവയാണ്. നേരത്തെ തന്നെ കേരളത്തിൽ നിന്ന് തിരുവനന്തപുരവും കൊച്ചിയും രാജ്യത്തെ വളരുന്ന 26 സ്റ്റാർട്ടപ്പ് ഹബ്ബുകളിൽ ഇടം പിടിച്ചിരുന്നു.
നിരവധി ബഹുരാഷ്ട്ര കമ്പനികൾ കടന്നുവന്ന തിരുവനന്തപുരത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ വരാൻ ഡിസിഐ ലിസ്റ്റിംഗ് സഹായകമാകുമെന്നും മികച്ച കണക്ടിവിറ്റിയും ജീവിത നിലവാരവും കുറഞ്ഞ ജീവിതചെലവുമെല്ലാം തിരുവനന്തപുരത്തിന് സഹായകമായ ഘടകങ്ങൾ ആണെന്നും പറഞ്ഞ വ്യവസായ മന്ത്രി പി രാജീവ് ലോകഭൂപടത്തിൽ ശ്രദ്ധ നേടുന്ന നേട്ടമാണ് തിരുവനന്തപുരം കൈവരിച്ചത് എന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക