ഭോപ്പാല്‍: മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമായത്. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാന് ഉള്‍പ്പടെയുള്ള നേതാക്കളെ പിന്തള്ളിയാണ് മോഹന്‍ യാദവ് മുഖ്യമന്ത്രി പദത്തിലേക്കെത്തിയത്. ദക്ഷിണ ഉജ്ജയിനിലെ എംഎല്‍എയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമാണ് മോഹന്‍ യാദവ്. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാര്‍.
2013-ല്‍ എംഎല്‍എയായതോടെയാണ് മോഹന്‍ യാദവിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടര്‍ന്നുള്ള 2018-ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 2020 കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ യാദവിന്റെ സ്വാധീനം കൂടുതല്‍ ദൃഢമായി.
കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സ്പീക്കറായേക്കും. ശിവരാജ് സിംഗ് ചൗഹാന് തല്ക്കാലം പദവികളില്ല. അതേസമയം, പ്രതിഷേധവുമായി ചൗഹാന്റെ അണികള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക