മലയാളിയുടെ പ്രിയഭക്ഷണമാണ് കപ്പ അല്ലെങ്കിൽ മരച്ചീനി. വേവിച്ചും പുഴുക്കായും വറുത്തുമൊക്കെ കഴിക്കുന്നതാണ് ഇത്. ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ചെയ്യുന്നുണ്ട് കപ്പ. എന്നിരുന്നാലും കപ്പ കഴിക്കുമ്പോൾ അൽപം ശ്രദ്ധ പുലർത്തേണ്ടതാണ്. സൂക്ഷിച്ച് കപ്പ പാകം ചെയ്തില്ലെങ്കിൽ ഒരുപക്ഷേ മരണത്തിലേക്ക് പോലും നയിച്ചേക്കാം.
മരച്ചീനിയിലെ പ്രധാന വിഷ ഘടകം സയനോജെനിക് ഗ്ലൈക്കോസൈഡുകളാണ്. ദഹനസമയത്ത് ശക്തമായ വിഷവസ്തുവായ ഹൈഡ്രജൻ സയനൈഡ് (HCN) പുറത്തുവിടാൻ കഴിയുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണ് ഇവ. മരച്ചീനിയുടെ വേരിന്റെ പുറം പാളിയിലാണ് സയനോജെനിക് ഗ്ലൈക്കോസൈഡുകൾ പ്രാഥമികമായി കാണപ്പെടുന്നത്.
പ്രധാനമായും ലിനാമറിൻ, ലോട്ടസ്ട്രലിൻ എന്നിങ്ങനെ രണ്ട് തരം സയനോജെനിക് ഗ്ലൈക്കോസൈഡുകളാണ് മരച്ചീനിയിൽ ഉള്ളത്. രണ്ട് സംയുക്തങ്ങൾക്കും എൻസൈമാറ്റിക് ഹൈഡ്രോളിസിസിൽ സയനൈഡ് പുറത്തുവിടാൻ കഴിയും. മധുരമുള്ള ഇനങ്ങളിൽ ലിനാമറിൻ കൂടുതലായി കാണപ്പെടുന്നു, അതേസമയം കയ്പ്പുള്ള ഇനങ്ങളിൽ ലോട്ടസ്ട്രലിനാണ് കൂടുതല്‍.
ഈ വിഷാംശം കളയാതെ മരച്ചീനി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കുറഞ്ഞ അളവിലുള്ള സയനൈഡുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
ഓക്കാനം, ഛർദ്ദി, തലകറക്കവും തലവേദനയും, ബലഹീനതയും ആശയക്കുഴപ്പവും, ശ്വസിക്കാൻ ബുദ്ധിമുട്ട്, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് തുടങ്ങി ഹൃദയാഘാതവും അപസ്മാരവും വരെ ഉണ്ടാകാം. രോഗലക്ഷണങ്ങളുടെ തീവ്രത സയനൈഡിന്റെ അളവിനെയും വിഷത്തോടുള്ള വ്യക്തിയുടെ സംവേദനക്ഷമതയെയും ആശ്രയിച്ചിരിക്കുന്നു.
ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മരച്ചീനി കഴിക്കുന്നതിനുമുമ്പ് വിഷാംശം ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ പറയാം.
മരച്ചീനിയുടെ പുറംതൊലി പൂര്‍ണമായും കളയുക. അഴുക്കും ശേഷിക്കുന്ന വിഷവസ്തുക്കളും ഇല്ലാതാക്കാൻ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകാം.
മരച്ചീനി വേവിച്ച ശേഷം വെള്ളം ഊറ്റിക്കളയുക. പാചകം ചെയ്യുമ്പോൾ ധാരാളം വെള്ളം ഉപയോഗിക്കുക.
പ്രമേഹമുള്ളവർ കപ്പ ഒഴിവാക്കേണ്ടതാണ്. ഗ്ലൈസമിക് ഇൻഡെക്സ് എന്ന ഘടകമാണ് പ്രമേഹ സൂചകമായി മാറുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് ഉയരുമ്പോഴാണ് പ്രമേഹ സാദ്ധ്യതയും വർദ്ധിക്കുന്നത്.
തൈറോയ്ഡ് വർദ്ധിപ്പിക്കുന്നതിലും കപ്പ വില്ലനാണ്. മീനിനോ ഇറച്ചിയ്ക്കോ ഒപ്പം കപ്പ കഴിക്കണമെന്നാണ് പറയാറ് ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ കപ്പയിലെ വിഷത്തിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
പ്രോട്ടീനടങ്ങിയ ഭക്ഷണത്തിനൊപ്പവും കപ്പ കഴിക്കുന്നത് ഉത്തമമാണ്. വൻ പയർ, ചെറുപയർ നിലക്കടല എന്നിവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക