മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. കുട്ടികളുടെ വസ്ത്രങ്ങളുടെ ബട്ടണില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശി മുഹമ്മദ് ബിഷ്റത്താണ് പിടിയിലായത്. ഇയാളുടെ കൈയ്യില്‍ നിന്നും 235 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കുട്ടികളുടെ ഉടുപ്പിന്റെ ബട്ടണുകളിലാണ് ഈ സ്വര്‍ണം തയ്പ്പിച്ചുവെച്ചിരുന്നത്.
തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണ നിറം മാറ്റുകയും ചെയ്തു. 12 വസ്ത്രങ്ങളിലാണ് സ്വര്‍ണ ബട്ടണുകള്‍ തുന്നിപ്പിടിപ്പിച്ചിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് യുവാവിനെ പൊലീസ് പിടികൂടിയത്. കരിപ്പൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തടഞ്ഞുനിര്‍ത്തിയത്. അതേസമയം, ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക