നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന നടപടിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. നവ കേരള സദസിന്റെ സമാപന ദിവസമായ ഡിസംബർ 23ന് നടത്തുന്ന ഡിജിപി ഓഫീസ് മാർച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നയിക്കും.
പോലീസിന്റെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അംഗപരിമിതനെ കായംകുളത്ത് ഡിവൈഎഫ്ഐക്കാർ ആക്രമിച്ചതിലും യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അടിച്ചതിനും എതിരെയാണ് കോൺഗ്രസിന്റെ നടപടി.
എംപിമാരും എംഎൽഎമാരും അടക്കമുള്ളവർ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള മർദ്ദനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കെ മുരളീധരൻ എംപി നേരത്തെ രംഗത്ത് വന്നിരുന്നു.
സംസ്ഥാന നേതാക്കൾ വിഷയത്തിൽ നടത്തുന്ന പ്രസ്താവനയിലെ മൂർച്ച ആക്ഷനിൽ കാണാനില്ലെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യം കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നും ജീവൻ രക്ഷാപ്രവർത്തനം യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തണമെന്നും ഇതിന് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക