പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഒന്നാണ് പനീര്‍. അതുപോലെ തന്നെ പാലുല്‍പ്പന്നങ്ങളില്‍ പ്രധാനിയാണ്. കാത്സ്യം, ഫോസ്ഫറസ് വിറ്റമിന്‍സ്, മിനറല്‍സ് എന്നിങ്ങനെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. സോഫ്ട് പനീറും ഹാര്‍ഡ് പനീറും എന്നിങ്ങനെ രണ്ട് തരത്തിലുള്ള പനീറാണുള്ളത്.
സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ലഭ്യമായ പ്രോട്ടീന്റെ സ്രോതസ്സാണ് പനീര്‍. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ചീസിനെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യകരമായതിനാല്‍ ഇത് നിത്യവും കഴിക്കാവുന്നതുമാണ്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, പോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
വളരെ പെട്ടെന്ന് ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷണം കൂടിയാണ്. അതുകൊണ്ട് തന്നെ കഠിനവ്യായാമത്തില്‍ ഏര്‍പ്പെടുന്ന കായികതാരങ്ങള്‍ക്ക് വ്യായാമത്തിനുശേഷം കഴിക്കുന്ന ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്താവുന്നതാണ്. നഷ്ടപ്പെട്ട ഊര്‍ജം വളരെ പെട്ടെന്ന് വീണ്ടെടുക്കാന്‍ പനീര്‍ സഹായിക്കും. പനീറില്‍ ലാക്ടോസിന്റെ അളവ് കുറവായതിനാല്‍ കുട്ടികളുടെ പല്ലുകള്‍ക്ക് കേടുണ്ടാക്കുന്നില്ല.
ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ മികച്ച ആഹാരമാണ് പനീര്‍. ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ സഹായിക്കുമെന്നതിനാല്‍ അനാരോഗ്യകരമായ സ്നാക്സ് കഴിക്കുന്ന ശീലം ഒഴിവാക്കാന്‍ പനീര്‍ സഹായിക്കും. എന്നാല്‍ കാലറി അധികമായതിനാല്‍ അമിതമായ അളവില്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീര്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും സഹായകമാണ്. പ്രായമായവരുടെ തൊലിയില്‍ ഉണ്ടാക്കുന്ന ചുളിവുകള്‍ മാറ്റുന്നതിനും തലമുടിയുടെ വളര്‍ച്ചയ്ക്കും പനീറില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി നല്ലതാണ്.
ഇന്‍സുലിന്‍ ഉത്പാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് പനീറില്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാതിരിക്കാനും ഇത് സഹായകമാണ്. കാത്സ്യവും ഫോസ്ഫറസും പനീറില്‍ ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് ഇത് നല്ലതാണ്. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാന്‍ പനീര്‍ സഹായിക്കും. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറില്‍ അടങ്ങിയിട്ടുള്ള മിനറല്‍സ് പ്രതിരോധിക്കുന്നു.
തലച്ചോറിന്റെ നല്ല ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്ന വൈറ്റമിന്‍ ബി12 പനീറില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. നാഡീവ്യൂഹ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വൈറ്റമിന്‍ ബി12 ധാരണ ശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെയും തടയുന്നു. പലപ്പോഴും വൈറ്റമിന്‍ ബി12 അഭാവം സസ്യാഹാരികളില്‍ കാണപ്പെടാറുണ്ട്. ഇത് പരിഹരിക്കാന്‍ ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്തുന്നത് സഹായകമാകും. പനീറിലെ ട്രിപ്റ്റോഫാന്‍ സെറോടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ ഉത്പാദനത്തെയും ഉത്തേജിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക