മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്.
കയ്യിൽ ചൂട്ടും ദേഹം മുഴുവൻ രക്തവുമായി ആരെയോ തിരയുന്ന രീതിയിൽ നിൽക്കുന്ന ചിത്രത്തിലെ സിദ്ധാർഥ് ഭരതന്റെ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെയും അർജുൻ അശോകന്റെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് കോംബോയിൽ ആണ് ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ വേഷം അർജുൻ അശോകന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ നായകൻ എന്നൊന്നില്ല എന്നും പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളതെന്നും മമ്മൂട്ടിയുടേത് ചെറിയൊരു വില്ലനിസം ഉള്ള വേഷമാണെന്നും നേരത്തെ അർജുൻ അശോകൻ പറഞ്ഞിരുന്നു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് രാഹുൽ സദാശിവൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക