ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിത സാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു.
അതുപോലെ തന്നെ രാവിലെ ഉറക്കമെഴുന്നേൽക്കുക എന്നത് മടിയുള്ള കാര്യമാണ്. ഈ മടി അകറ്റാൻ നിരവധി വഴികളും എല്ലാവരും തേടാറുണ്ട്. ശരിയായ സമയത്ത് ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനുമുള്ള ചില പൊടിക്കൈകൾ പരിശോധിക്കാം.
ശരിയായ സമയത്ത് ഉറക്കം എഴുന്നേൽക്കുന്നതിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് നേരത്തെ ഉറങ്ങുക എന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂർ മുൻപ് ഫോൺ ഉപയോഗിക്കാതിരിക്കുക എന്നതാണ്.
കണ്ണുകളിലേക്ക് അമിതമായി വെളിച്ചം ഏറ്റാൽ വേഗത്തിൽ ഉറങ്ങാൻ കഴിയില്ല. പകൽ സമയത്ത് പരമാവധി ഉറങ്ങാതിരുന്നാലും നേരത്തെ ഉറങ്ങാൻ സാധിക്കും. അതുപോലെ, ഉറങ്ങുന്നതിന് മുൻപ് കണ്ണിനും മനസിനും ആവശ്യമായ വിശ്രമവും നൽകുക. ദിനംപ്രതി ഇക്കാര്യങ്ങൾ ശീലിച്ചാൽ തന്നെ നേരത്തെ ഉറങ്ങാനും രാവിലെ ഉറക്കമെഴുന്നേൽക്കാനും സാധിക്കും.
എല്ലാ ദിവസവും നിശ്ചിത സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യണം. ഉറക്കത്തിനായി ഒരു ഷെഡ്യൂൾ നിശ്ചയിച്ചാൽ കൃത്യ സമയത്ത് എഴുന്നേൽക്കാൻ സാധിക്കും.
അനാരോഗ്യകരമായ ഭക്ഷണമാണ് രാത്രിയിൽ കഴിക്കുന്നതെങ്കിൽ കൂടുതൽ നേരം ഉറങ്ങാൻ കാരണമാകും. രാത്രിയിലെ ഭക്ഷണത്തിൽ പഴങ്ങൾ,പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതാണ് നല്ലത്.
പതിവായി വ്യായാമം ചെയ്യുന്നവർക്ക് കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും സാധിക്കും. ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അനുഭവിക്കുന്നവർക്കും വ്യായാമം നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക