തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാർ സംരംഭമായ ഒ.ടി.ടി പ്ലാറ്റ്ഫോം സി-സ്പേസ് (C Space) പ്രവർത്തനസജ്ജമാവുന്നു.
‘സി സ്പേസ്’ ചലച്ചിത്ര വികസനകോർപ്പറേഷനുകീഴിൽ ജനുവരിയിൽ ആരംഭിക്കും. രാജ്യത്താദ്യമായാണ് സർക്കാരിനുകീഴിൽ ഒ.ടി.ടി ഒരുങ്ങുന്നത്. പ്ലാറ്റ്ഫോമിന്റെ ട്രയൽ റൺ ബുധനാഴ്ച നിള തിയറ്ററില്‍ നടന്നു. ഈമാസംതന്നെ ഉദ്ഘാടനം നടക്കും.
കോവിഡിനുപിന്നാലെ ഒ.ടി.ടി. സിനിമാറിലീസ് വ്യാപകമായതോടെയാണ് സാംസ്കാരിക വകുപ്പ് ഇങ്ങനെയൊരു ആശയവുമായി രംഗത്തെത്തിയത്.
2022 മെയ് മാസത്തിലാണ് അന്നത്തെ കേരളപ്പിറവി ദിനത്തിൽ പ്ലാറ്റ്ഫോം തയാറാക്കും എന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്.
കുറഞ്ഞ ബജറ്റിൽ പുറത്തിറങ്ങുന്ന സ്വതന്ത്ര സിനിമകൾക്ക് ഇടവും വരുമാന വിഹിതവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്ഫോം ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരിക്കുമെന്ന് മന്ത്രി പ്രഖ്യാപനവേളയിൽ പറഞ്ഞിരുന്നു.
കലാകാരന്മാരുടെ പാനലാണ് സി സ്പെയ്സിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുക. സിനിമാപ്രവർത്തകരടക്കം അംഗങ്ങളായ ഈ സ്ഥിരംപാനൽ സിനിമകൾകണ്ട് വിലയിരുത്തി നിശ്ചിതമാർക്ക് നൽകും. മറ്റ് ചലച്ചിത്രമേള ജൂറികൾ തിരഞ്ഞെടുത്തതും പുരസ്കാരങ്ങൾ നേടിയതുമായ സിനിമകൾക്കും പരിഗണനയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക