ആമസോണിലൂടെയുള്ള അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദ വില്പന നിർത്തി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ വിൽപ്പന ചെയ്തിരുന്ന മധുര പലഹാരങ്ങളുടെ വിൽപ്പന ആമസോൺ നിർത്തിയത്.
രാമ ക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ രഘുപതി നെയ് ലഡു, ഖോയ ഖോബി ലഡു, പശുവിൻ പാൽ പേട, നെയ് ബൂന്ദി ലഡു എന്നിവയാണ് ആമസോണിലൂടെ വില്പന നടത്തിയിരുന്നത്. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആമസോണിന് വഞ്ചന പരമായ വ്യാപാര നടപടികളിൽ ഏർപ്പെടുന്നു എന്ന് ആരോപിച്ച് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ആമസോൺ വിൽപ്പന നിർത്തിവച്ചത്.
തെറ്റായ രീതി പിന്തുടർന്ന് ചില വില്പനക്കാർ ഉൽപ്പന്നങ്ങളെ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും അത്തരം വ്യാപാരികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആമസോൺ പ്രതികരിക്കുകയും ചെയ്തിരുന്നു.
ആമസോൺ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് എന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഇടപെടൽ.
ഔദ്യോഗികമായി ക്ഷേത്രം ഇത്തരത്തിൽ പ്രസാദം വിൽക്കുന്നില്ല എന്നിരിക്കെ നിരവധി പേരാണ് മധുര പലഹാരം ആമസോണിൽ നിന്നും വാങ്ങിയത്. ക്ഷേത്രത്തിന്റെ പേരിൽ തെറ്റായ അവകാശവാദമുന്നയിച്ച് ഉൽപ്പന്നം വിൽക്കുകയാണെന്ന പരാതിയെ തുടർന്ന് പരിശോധന നടത്തിയ ശേഷമാണ് നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക