ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് നടൻ ടോവിനോ തോമസ്. വോട്ട് ചെയ്യുന്നത് കടമയാണെന്നും എന്നാൽ സിനിമ കാണുന്നത് വ്യക്തി താൽപര്യമാണെന്നും കൊച്ചിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചുകൊണ്ട് ടോവിനോ പറഞ്ഞു.
യുവ വോട്ടർമാരിൽ വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി നടന്ന പരിപാടി കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ നിന്നാണ് ആരംഭിച്ചത്. ഇതിലൂടെ നഗര വോട്ടർമാരുടെയും ചെറുപ്പക്കാരുടെയും വോട്ടിംഗ് ശതമാനം ഉയർത്തുക എന്ന ലക്ഷ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.
നടൻ ടോവിനോ തോമസ് ആണ് തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. എത്ര തിരക്കുണ്ടെങ്കിലും വോട്ട് ചെയ്യാൻ കിട്ടുന്ന അവസരം പാഴാക്കില്ലെന്നും പുതിയ വോട്ടർമാരും ആ അവകാശം നിറവേറ്റണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ടോവിനോ ഓർമ്മിപ്പിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതിദായക സത്യപ്രതിജ്ഞ ടോവിനോ തോമസ് വിദ്യാർത്ഥികൾക്ക് ചൊല്ലി കൊടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മികച്ച പ്രകടനം നടത്തിയ ജില്ലകൾക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക