കറികളുടെ രുചിയും മണവും വർധിപ്പിക്കുന്നതിൽ മല്ലിയിലയുടെ പങ്ക് നിസാരമല്ല. എന്നാൽ എത്ര ഫ്രെഷായ മല്ലിയിലയും കടയിൽ നിന്നും വാങ്ങി വീട്ടിലെത്തുമ്പോഴേ വാടി തുടങ്ങും. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോഴേക്കും ഉണങ്ങി പോകുകയും ചെയ്യും. കുറച്ചു ദിവസങ്ങൾ മല്ലിയില ഫ്രഷ് ആയി സൂക്ഷിക്കാൻ എന്തൊക്കെ ചെയ്യണമെന്നു നോക്കാം.
മല്ലിയിലകൾ തണുത്ത വെള്ളത്തിൽ വൃത്തിയായി കഴുകുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷം കിച്ചൻ ടവൽ ഉപയോഗിച്ച് ജലാംശം പൂർണമായും തുടച്ചു മാറ്റാം. ഇങ്ങനെ ചെയ്യുന്നത് വഴി മല്ലിയിലയിൽ എന്തെങ്കിലും അഴുക്കുകൾ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ സാധിക്കും.
വെള്ളം പൂർണമായും നീക്കം ചെയ്ത മല്ലിയിലകൾ ഒരു സിപ് ലോക്ക് കവറിലേക്കു മാറ്റാവുന്നതാണ്. കവറിലെ വായു കളഞ്ഞതിനു ശേഷം മല്ലിയിലകൾ അതിനുള്ളിലാക്കി അടച്ചു സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി മല്ലിയിലകളുടെ പുതുമയും ഗന്ധവും നഷ്ടപ്പെടുകയില്ലെന്നു മാത്രമല്ല, ഏറെ ദിവസങ്ങൾ കേടുകൂടാതെയിരിക്കുകയും ചെയ്യും.
മല്ലിയിലകൾ ഫ്രിജിൽ സൂക്ഷിക്കുന്നതിന് മുന്നോടിയായി ഒരു പേപ്പർ ടവലിൽ പൊതിയണം. ഇലകളിൽ ജലാംശമുണ്ടെങ്കിൽ പേപ്പർ ടവൽ അത് വലിച്ചെടുത്തുകൊള്ളും. മാത്രമല്ല, ഇവ ഉണങ്ങി പോകാതെ കുറെ ദിവസങ്ങൾ ഫ്രഷായി ഇരിക്കാനും ഇങ്ങനെ ചെയ്താൽ മതിയാകും.
മല്ലിയിലകൾ ചെറുതായി അരിഞ്ഞു ഒരു വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി സൂക്ഷിക്കുന്നത് വളരെ കൂടുതൽ ദിവസങ്ങൾ കേടുകൂടാതെയിരിക്കാൻ സഹായിക്കും. അങ്ങനെ ചെയ്യുന്നതിന് മുന്നോടിയായി ഇലകൾ വൃത്തിയായി കഴുകി, വെള്ളം പൂർണമായും നീക്കം ചെയ്യണം. ഇനി അടിഭാഗത്തുള്ള വേരുകൾ കൂടി മുറിച്ചു കളഞ്ഞതിനു ശേഷം ചെറുതായി അരിയാം. ഒരു വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി അടച്ചു സൂക്ഷിക്കാവുന്നതാണ്. രണ്ടാഴ്ച വരെ ഇലകൾ കേടുകൂടാതെയിരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയാകും.
മല്ലിയിലകൾ ഫ്രഷ് ആയി വയ്ക്കാനുള്ള മറ്റൊരു എളുപ്പ വഴിയാണ് വെള്ളത്തിലിറക്കി വയ്ക്കുക എന്നത്. ഇലകൾ കഴുകിയതിനു ശേഷം വെള്ളം പൂർണമായും ഉണങ്ങി കഴിഞ്ഞു, ഒരു ഗ്ലാസിന്റെ പകുതി ഭാഗത്തോളം വെള്ളമെടുത്തു അതിലേക്ക് ഇലകൾ ഇറക്കി വയ്ക്കാവുന്നതാണ്. ഇടയ്ക്കിടെ വെള്ളം മാറ്റി കൊടുക്കാൻ മറക്കണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക