അടുക്കളകളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് പച്ചമുളക്. നിരവധി വൈവിധ്യങ്ങളാർന്ന പച്ച മുളകുകൾ നമുക്ക് മാർക്കറ്റുകളിൽ നിന്നും വാങ്ങാൻ സാധിക്കാറുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിപണിയിൽ എത്തുന്ന ഇത്തരം പച്ചക്കറികൾ കീടനാശിനികൾ ധാരാളമായി ഉപയോഗിച്ചാണ് വരുന്നത്.
മലയാളിയുടെ അടുക്കളയിലെ പ്രധാനപ്പെട്ട പച്ചക്കറിയായ പച്ചമുളക് വിഷമുക്തമായി നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കും. ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം. പച്ചമുളക് വീട്ടിൽ കൃഷി ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
പച്ചമുളകിന്റെ വൈവിധ്യങ്ങളായ വിത്തിനങ്ങൾ നമുക്ക് മാർക്കറ്റുകളിൽ നിന്നും വാങ്ങാൻ സാധിക്കും.ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, ജ്വാല സഖി, വെള്ളായണി അതുല്യ, കാന്താരി മുളക്, മാലി മുളക് എന്നിവ പ്രധാനപ്പെട്ട പച്ചമുളക് ഇനങ്ങളാണ്. നാലു ഗ്രാം വിത്ത് ഉപയോഗിച്ച് ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ സാധിക്കും.
ചെടികൾ തമ്മിൽ ഒന്നരയടിയും വാരങ്ങൾ തമ്മിൽ രണ്ടടിയും അകലം നൽകി വേണം വിത്തുകൾ പാകാൻ. പ്രധാനമായും പച്ചമുളക് ചെടിയെ ബാധിക്കുന്നത് വാട്ടരോഗം, തൈചീയൽ, കായ് ചീയൽ എന്നീ രോഗങ്ങളാണ്. അതുകൂടാതെ വെള്ളീച്ച, മുഞ്ഞ, ഇല പേൻ എന്നിവയുടെ ആക്രമണ മൂലം മുളകിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് കുരുടിപ്പ് രോഗം.
ജൈവ കീടനാശിനികളായ കിരിയാത്ത് സോപ്പ് മിശ്രിതം, വെളുത്തുള്ളി- നാറ്റ പൂച്ചെടി മിശ്രിതം എന്നിവ ഉപയോഗിക്കുന്നതിലൂടെ ഇല പേൻ, വെള്ളീച്ച, മുഞ്ഞ എന്നിവയെ അകറ്റുന്നതിനും കുരുടിപ്പ് രോഗം ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കും. നേർപ്പിച്ച കഞ്ഞിവെള്ളം തളിക്കുന്നതും ഗുണം ചെയ്യും.
ഉജ്ജ്വല, അനുഗ്രഹ എന്നീ മുളക് ഇനങ്ങളിൽ നിന്നും ഓരോ ചെടിയിൽ നിന്നും ആഴ്ചയിൽ 200 ഗ്രാം വരെ മുളക് ലഭ്യമാകും. നട്ടു കഴിഞ്ഞ് രണ്ടുമാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്ന മുളക് ചെടിയിൽ നിന്നും മൂന്ന് മാസത്തിലധികം വിളവെടുപ്പ് നടത്താനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക