പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസ്സി അണിയിച്ചൊരുക്കുന്ന ആടുജീവിതത്തിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തുവിട്ടു. നടൻ ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തുവിട്ടത്. നേരത്തെ പുറത്തുവിട്ട രണ്ട് പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയിരുന്നു. പ്രഭാസ്, രൺവീർ സിംഗ് എന്നിവരാണ് നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾ റിലീസ് ചെയ്തത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്ന പോസ്റ്ററുകളിൽ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലുള്ള പോസ്റ്ററാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളിൽ ജീവിതത്തിന്റെ കഠിനതകൾ അനുഭവിക്കുന്ന നജീബിനെയാണ് കാണാനാവുക എങ്കിൽ ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിൽ ഇതിന് മുൻപുള്ള നജീബിനെയാണ് കാണാനാകുന്നത്.
ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോകുന്ന നജീബ് എന്ന യുവാവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടതകൾ ആണ് പ്രമേയം. 2018ൽ ചിത്രീകരണം ആരംഭിച്ച ചിത്രം കഴിഞ്ഞവർഷം ജൂലൈ 14നാണ് പൂർത്തിയാക്കിയത്.
നിരവധി ശാരീരിക മാറ്റങ്ങൾക്കാണ് പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രത്തിനായി തന്റെ ശരീരത്തിൽ വരുത്തിയത്. ചിത്രത്തിന്റെ മുഖ്യ പങ്കും ചിത്രീകരിച്ചത് ജോർദാനിൽ ആയിരുന്നു. ഓസ്കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി എന്നിവർ സംഗീതവും ശബ്ദ മിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക വേഷം കൈകാര്യം ചെയ്യുന്നത് അമല പോളാണ്.
പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക