നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണത്തിന് കാരണമായത് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസറാണ്. ഇന്ന് രാവിലെയാണ് പൂനം പാണ്ഡെയുടെ വിയോഗ വാർത്ത പുറംലോകത്ത് എത്തുന്നത്.
ചികിത്സയിലിരിക്കെയാണ് അവർ മരണത്തിന് കീഴടങ്ങിയത്. ലോകത്ത് സ്ഥിരീകരിച്ചിട്ടുളള കാൻസർ രോഗങ്ങളിൽ നാലാം സ്ഥാനമാണ് ലോകാരോഗ്യ സംഘടന സെർവിക്കൽ കാൻസറിന് നൽകിയിട്ടുളളത്.
എന്താണ് സെർവിക്കൽ കാൻസർ
ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്. ഗർഭാശയമുഖത്തെ അസാധാരണ കോശ വളർച്ചയിൽ നിന്നാണ് ഈ രോഗം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് 90 ശതമാനം സെർവിക്കൽ കാൻസർ രോഗത്തിന് കാരണം.
2020 ൽ ലോകത്ത് 604,000 സ്ത്രീകളിൽ ഈ കാൻസർ ബാധ കാണപ്പെട്ടിട്ടുണ്ട്. കാൻസർ മൂലം 342,000 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.
18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികളിൽ സെർവിക്കൽ കാൻസറിനുള്ള സാധ്യത കൂടുതലാണ്. ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍. പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍ തുടങ്ങിയവരിലും രോഗബാധ ഉണ്ടാകാം.
ലൈംഗിക ബന്ധത്തിലൂടെ ഒരാളുടെ തൊണ്ട, ജനനേന്ദ്രിയം, ചർമ്മം എന്നിവയെ വൈറസ് ബാധിക്കും. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മിക്കവാറും എല്ലാ ആളുകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ വൈറസ് രോഗബാധിതരാകും.
സാധാരണയായി രോഗലക്ഷണങ്ങളില്ലാതെയായിരിക്കും ഈ വൈറസ് ബാധ. ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ അടിസ്ഥാനത്തിൽ ഒന്നോ രണ്ടോ വർഷത്തിന് ശേഷം മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ വൈറസ് ശരീരത്തിൽ നിന്ന് പോകും. എന്നാൽ അപൂർവം ചിലരിൽ നിലനിൽക്കുന്ന വൈറസ് സെർവിക്കൽ കാൻസറിന് കാരണമാകും.
അസാധാരണ കോശ വളർച്ച കാൻസറായി മാറാൻ 15-20 വർഷമെടുക്കും. എന്നാൽ പ്രതിരോധശേഷി കുറഞ്ഞ സ്ത്രീകളിൽ 5- 10 വർഷത്തിനുളളിൽ തന്നെ കാൻസർ വളരും.
ചെറുപ്പക്കാരായ അമ്മമാർ, ഗർഭനിരോധനത്തിന് ഹോര്‍മോണ്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, പുകവലിക്കാർ, അമിത വണ്ണുളളവർ എന്നിവർക്കും സെർവിക്കൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
ആർത്തവങ്ങൾക്കിടയിലുളള അമിത രക്തസ്രാവം, ആർത്തവവിരാമത്തിന് ശേഷം, അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം.
യോനിയിൽ നിന്ന് പുറത്തേക്ക് വരുന്ന ദുർഗന്ധമുളള വൈറ്റ് ഡിസ്ചാർജ്.
ഇടുപ്പ് അല്ലെങ്കിൽ കാൽ എന്നിവിടങ്ങളിലും പുറംഭാഗത്തും സ്ഥിരമായുണ്ടാകുന്ന വേദന.
അമിത വണ്ണം, ക്ഷീണം, വിശപ്പില്ലായ്മ
യോനിയിൽ അസ്വസ്ഥത
കാലിൽ വീക്കം
സെർവിക്കൽ കാൻസർ എങ്ങനെ കണ്ടെത്താം?
ചില സ്ക്രീനിങ് ടെസ്റ്റുകളിലൂടെ സെര്‍വിക്കല്‍ കാന്‍സറിന്റെ സാന്നിധ്യം മനസിലാക്കാൻ സാധിക്കും. അതിലൊന്നാണ് പാപ്സ്മിയർ പരിശോധന. വളരെ ലളിതവും വേദന രഹിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ പരിശോധനയാണിത്.
ഇതിലൂടെ കോശ വ്യതിയാനങ്ങള്‍ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. 30 വയസ്സില്‍ പാപ്സ്മിയര്‍ ടെസ്റ്റ് തുടങ്ങാവുന്നതാണ്. എല്ലാ മൂന്നു വര്‍ഷവും ഈ ടെസ്റ്റ് ചെയ്യണം.
കീമോതെറാപ്പി, റേഡിയോ തെറാപ്പി, സർജറി, വേദന കുറയ്ക്കുന്നതിന് വേണ്ടിയുളള പരിചരണവും ചികിത്സകളിൽ ഉൾപ്പെടുന്നു.
സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ
സെര്‍വിക്കല്‍ കാന്‍സറിന് എതിരായ പ്രാഥമിക പ്രതിരോധ മാര്‍ഗമാണ് എച്ച്.പി.വി. വാക്സിന്. ഇത് പ്രധാനമായും മൂന്നുതരത്തിലാണുള്ളത്. ബൈവാലന്റ് വാക്സിന്, ക്വാഡ്രിവാലന്റ് വാക്സിന്, നാനോവാലന്റ് വാക്സിന് എന്നിവയാണവ. സെര്‍വിക്കല്‍ കാന്‍സറിനെപ്പോലെ തന്നെ യോനിയിലും മലദ്വാരത്തിലുമുണ്ടാകുന്ന കാന്‍സറിനേയും പുരുഷ ലിംഗത്തിലുണ്ടാകുന്ന കാന്‍സറിനെയും പ്രതിരോധിക്കാൻ ഈ വാക്സിൻ ഉപയോഗിക്കുന്നു.
ഗാർഡാസിൽ, സെർവാരിക്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എച്ച്.പി.വി വാക്സിൻ ഒന്നിലധികം ഡോസുകളായിട്ടാണ് നൽകുന്നത്. പ്രായത്തിന് അനുസരിച്ചാണ് എത്ര ഡോസുകൾ, എങ്ങനെ നൽകണമെന്ന് തീരുമാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക