ആരോഗ്യകരമായ ഭക്ഷണശീലമുള്ളവരുടെയെല്ലാം പ്രിയവിഭവമാണ് സാലഡുകള്‍. സാലഡ് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചൊരു ഭക്ഷണമാണ് സാലഡ്. അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകതയാണ്.
വേവിക്കാത്തതിനാലും സംസ്കരിക്കാത്തതിനാലും ഇവയിലെ പോഷകങ്ങൾ, ജീവകങ്ങൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മൂല്യം നഷ്ടപ്പെടുന്നില്ല. നാരുകളുടെ സ്വാഭാവിക ഗുണത്തിനും മാറ്റം വരുന്നില്ല. കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നില്ല എന്നതും മെച്ചമാണ്.
വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും.
സാലഡ് കഴിക്കുന്നതിലൂടെ എപ്പോഴും വയറ് നിറഞ്ഞതായി തോന്നുകയും ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കാനും സഹായിക്കുകയും ചെയ്യും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുന്നത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
എപ്പിഴും ഒരുപോലെയാണ് സാലഡ് ഉണ്ടാക്കുന്നതെങ്കിൽ ഇനി സാലഡ് ഉണ്ടാക്കുമ്പോൾ ചിലമാറ്റങ്ങള്‍ വരുത്താം. രുചികരമായ സാലഡ് ഉണ്ടാക്കുമ്പോൾ ചേർക്കേണ്ട ചില പൊടിക്കൈകൾ നോക്കാം.
സാലഡുകളിലെ പ്രധാന ചേരുവയാണ് ഒലീവ് ഓയില്‍. ഇതിനൊപ്പം ചെറുതായി ചൂടാക്കിയ രണ്ട് ടേബിള്‍സ്പൂണ്‍ എള്ളെണ്ണ, ചതച്ച വെളുത്തുള്ളി മൂന്ന് അല്ലി, ഒരു ടേബിള്സപൂണ് സോയാ സോസ്, ഒരു ടേബിള്‍സ്പൂണ്‍ ചില്ലി സോസ്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ചതച്ച ഇഞ്ചി എന്നിവകൂടി ചേര്‍ത്ത് സാലഡ് നന്നായി മിക്സ് ചെയ്യാം.
സാലഡിനുള്ള പച്ചക്കറികളും ഇലകളും അരിഞ്ഞ് ഒരു ബൗളില്‍ എടുക്കാം. ഇതിലേക്ക് രണ്ട് നാരങ്ങയുടെ നീര് ചേര്‍ക്കണം. ഇനി ഒരു ടേബിള്‍സ്പൂണ്‍ സോയ സോസ്, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍, ചതച്ച വെളുത്തുള്ളി നാല് അല്ലി, ഒറിഗാനോയും ചില്ലി ഫ്ളേക്സും അര ടേബിള്‍ സ്പൂണ്‍ വീതം, ഇതിനെല്ലാമൊപ്പം രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരിയും ഒരുനുള്ള്് ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം. ചെറിയൊരു പുളിയും എരിവും സാലഡിനെ കൂടുതല്‍ രുചികരമാക്കും.
അരകപ്പ് ഗ്രീക്ക് യോഗര്‍ട്ട് എടുക്കുക, ഇതിലേക്ക് കാല്‍കപ്പ് ബട്ടര്‍മില്‍ക്ക്, നാല് മിന്റ് ഇലകള്‍, വെളുത്തുള്ളി ചതച്ചത് ആറ് അല്ലി, അര സവാള കനം കുറച്ച് അരിഞ്ഞത്, ഒരു നാരങ്ങയുടെ നീര്, കടുക് പൊടിച്ചത് കാല് ടേബിള്‍സ്പൂണ്‍, ഉപ്പും കുരുമുളക് പൊടിയും ഓരോ നുള്ള് ഇവയെല്ലാം കൂടി നന്നായി മികസ് ചെയ്യുകയോ, മിക്സറില് അടിച്ചെടുക്കുകയോ ചെയ്യുക. ഇത് സാലഡില്‍ നന്നായി ഇളക്കി ചേര്‍ക്കാം.
കാല്‍കപ്പ് മസ്റ്റാര്‍ഡ് സോസിലേക്ക് കാല്‍കപ്പ് തേന്‍, രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍, മൂന്ന് ടേബിള്‍സ്പൂണ്‍ ഒലീവ്ഓയില്‍, ഒരുനുള്ള് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ക്രീമി പേസ്റ്റ് ആകും വരെ ഇളക്കുക. ഈ ചേരുവ ഏത് സാലഡിലും ഡ്രെസ്സിങായി ഉപയോഗിക്കാം. വായുകടക്കാത്ത പാത്രത്തില്‍ അടച്ച് കുറച്ച് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാനും പറ്റും
ചീസ് സാലഡ് ഡ്രെസ്സിങ്ങുകളില് പ്രിയപ്പെട്ട ചേരുവയാണ്. മറ്റൊന്നും ചേര്‍ക്കാതെ ചീസ് മാത്രം ചേര്‍ത്താലും സാലഡ് രുചികരവും ആരോഗ്യകരവുമാകും. ഒരു ചീസ് ക്യൂബ് എടുത്ത് അത് ഗ്രേറ്റ് ചെയ്ത് എടുക്കാം. ഇത് സാലഡില്‍ മിക്സ് ചെയ്താല്‍ മാത്രം മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക