വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനുമെല്ലാം ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഗോപി മഞ്ചൂരിയൻ. വെറുതെവാരി കഴിക്കാൻ തോന്നുന്ന ഗോപി മഞ്ചൂരിയന് നിരവധി ആരാധകരാണ് ഉള്ളത്. വൈവിധ്യങ്ങളായ നിറത്തിലും രുചിയിലും ഭക്ഷണ പ്രേമികൾക്ക് മുൻപിൽ എത്തുന്ന കോളിഫ്ലവർ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവത്തിന് ഉള്ള ആരാധകർ വളരെ വലുതാണ്.
എന്നാൽ കോളിഫ്ലവർ ആയതുകൊണ്ട് വിശ്വസിച്ച് കഴിക്കാമെന്ന് വിചാരിച്ചിരിക്കുന്ന ഭക്ഷണ പ്രേമികളെ തീർത്തും നിരാശരാക്കിക്കൊണ്ട് ഗോപി മഞ്ചൂരിയന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുനിസിപ്പൽ കൗൺസിൽ. ഗോപി മഞ്ചൂരിയനെ ആകർഷകമാക്കാൻ വേണ്ടി ഹോട്ടലുകളിൽ സിന്തറ്റിക് നിറങ്ങളും മറ്റ് വൃത്തി പ്രശ്നങ്ങളും പറഞ്ഞുകൊണ്ടാണ് മുൻസിപ്പൽ കൗൺസിൽ ഗോപി മഞ്ചൂരിയൻ സ്റ്റാളുകളിലും വിരുന്നുകളിലും നൽകുന്നത് വിലക്കിയിരിക്കുന്നത്.
ഇതിനു മുൻപ് ശ്രീ ദാമോദർ ക്ഷേത്രത്തിലെ വാസ്കോ സപ്താഹമേളയിൽ ഗോപി മഞ്ചൂരിയൻ വിൽക്കുന്ന സ്റ്റാളുകൾ നിയന്ത്രിക്കാൻ 2022ൽ ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ മോർമുഗവോ മുൻസിപ്പൽ കൗൺസിലിന് നിർദ്ദേശം നൽകിയിരുന്നു.
ഗോപി മഞ്ചൂരിയനിൽ ഉപയോഗിക്കുന്ന സോസുകളുടെ കാലപ്പഴക്കം നിർണയിക്കാനാകാത്തതും പാകം ചെയ്യുന്നതിലെ വൃത്തിയില്ലായ്മയും ആരോഗ്യത്തിന് വളരെ ഹാനികരമായ സിന്തറ്റിക് നിറങ്ങളുടെ ഉപയോഗവുമെല്ലാമാണ് അന്ന് ഗോപി മഞ്ചൂരിയൻ നിരോധിക്കുന്നതിന് കാരണമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക