ഇടുക്കിക്കാരുടെ സ്പെഷൽ വിഭവമാണ് ഏഷ്യാഡ് (എല്ലും കപ്പേം). കപ്പ ബിരിയാണിക്കാണ് ഏഷ്യാഡ് എന്ന് പറയുന്നത്. കല്യാണ തലേന്നും മറ്റ് വിശേഷ ദിവസങ്ങളിലുമെല്ലാം ഇടംപിടിക്കുന്ന ഭക്ഷണമാണിത്. ഇടുക്കിക്കാരുടെ വികാരമായ എല്ലും കപ്പേം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.
ചേരുവകൾ
1. കപ്പ – ഒന്നര കിലോ
2. എല്ല് (പോത്തിന്റെ) – 1 കിലോ
3. മഞ്ഞൾപ്പൊടി– അര ടീസ്പൂൺ
4. മുളകുപൊടി – 1 ടീസ്പൂൺ
5. മല്ലിപ്പൊടി – 1 ടീസ്പൂൺ
6. മീറ്റ് മസാല – 2 ടീസ്പൂൺ
7. വെളുത്തുള്ളി – 5 അല്ലി
8. ഇഞ്ചി – 1 ചെറിയ കഷണം
9. കറിവേപ്പില – രണ്ട് തണ്ട്
10. വെളിച്ചെണ്ണ – 2 ടീസ്പൂൺ
11. കോഴിമുട്ട – 2 എണ്ണം
12. ചുവന്നുള്ളി – 100 ഗ്രാം
13. സവാള – 2 എണ്ണം
14. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
15. പച്ചമുളക് – 3 എണ്ണം
16. വെളുത്തുള്ളി – 3 അല്ലി
17. ഇഞ്ചി – 1 കഷ്ണം (ചെറുതായി അരിഞ്ഞത്)
18. കാശ്മീരി ചില്ലി– 1 ടീസ്പൂൺ
19. സാധാരണ മുളകുപൊടി – 1 ടീസ്പൂൺ
20. മല്ലിപ്പൊടി – 2 ടീസ്പൂൺ
21. മീറ്റ് മസാല – 2 ടീസ്പൂൺ
22. തേങ്ങ വറുത്തരച്ചത് – 2 ടീസ്പൂൺ
23. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. പോത്തിന്റെ എല്ല് നാലു തവണ കഴുകി വെള്ളം ഊറ്റി പരന്ന പാത്രത്തിൽ പകർന്നു വയ്ക്കുക. ശേഷം 2 മുതൽ 10 വരെയുള്ള ചേരുവകൾ അൽപം ഉപ്പും ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ച് 1 മണിക്കൂർ വയ്ക്കുക. ശേഷം കുക്കറിൽ വച്ച് 8 വിസിൽ വരുന്നതു വരെ വേവിക്കുക.
2. കപ്പ കൊത്തിനുറുക്കി അൽപം മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് വേവിച്ചു വെള്ളം ഊറ്റി വയ്ക്കുക.
3. ഉരുളി അടുപ്പിൽവച്ച് വെളിച്ചെണ്ണ ഒഴിച്ച് 13 മുതൽ 17 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റിയശേഷം 18 മുതൽ 21 വരെയുള്ള പൊടികൾ ചേർത്ത് കരിയാതെ മൂപ്പിക്കുക. ഇതിലേക്ക് വേവിച്ച എല്ല്, 2 സ്പൂൺ അരപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
4. മസാലയും എല്ലും നന്നായി യോജിപ്പിച്ചശേഷം വേവിച്ചുവച്ചിരിക്കുന്ന കപ്പ ചേർത്തുകൊടുക്കാം. 2 മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി ഇളക്കി വാങ്ങിവയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക