കപ്പ പുഴുങ്ങി കാന്താരി മുളകും ഉള്ളിയും കൂട്ടി ചമ്മന്തി അരച്ച് കഴിക്കുന്നതാണ് സാധാരണ പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നമുക്ക് വളരെ എളുപ്പത്തിൽ കിടിലൻ ഒരു കപ്പ ബിരിയാണി തയ്യാറാക്കി നോക്കിയാലോ.
ഇതിനായി ആദ്യം തന്നെ ആവശ്യത്തിന് കപ്പ് എടുത്ത് തൊലി കളഞ്ഞതിനുശേഷം വൃത്തിയായി കഴുകി എടുക്കണം. ചെറിയ ചെറിയ കഷണങ്ങളാക്കി കൊത്തിയരിഞ്ഞ് ഒരു പാത്രത്തിൽ പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിച്ചെടുക്കാം. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് നല്ലതുപോലെ ഉടച്ചെടുക്കണം. അല്പം കഷ്ണങ്ങൾ നിൽക്കുന്ന രീതിയിലാണ് ഉടച്ചെടുക്കേണ്ടത്. ഇത് മാറ്റിവയ്ക്കാം.
ഒരു പാൻ ചൂടാക്കിയതിനുശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അല്പം കടുക് പൊട്ടിച്ചെടുക്കണം. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞത് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തുകൊടുത്ത നല്ലതുപോലെ വഴറ്റിയെടുക്കണം. സവാളയും മറ്റ് ചേരുവകളും നല്ലതുപോലെ വഴന്നു വരുമ്പോൾ ഇതിലേക്ക് അല്പം മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത്പച്ചമണം മാറുന്നതുവരെ ഇളക്കിയെടുക്കാം.
പിന്നീട് ഇതിലേക്ക് കഴുകി വൃത്തിയാക്കിയെടുത്ത ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കണം. അല്പം ചിക്കൻ മസാല കൂടി ചേർത്തതിനുശേഷംപാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കാം.ചിക്കൻ വെന്തു തുടങ്ങുന്ന സമയത്ത് വേവിച്ച ഉടച്ച് മാറ്റി വച്ചിരിക്കുന്ന കപ്പ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കണം.അല്പം മല്ലിയിലയും പുതിനയിലയും വിതറി നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം സെർവ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക