മാംഗനീസ്, മഗ്നീഷ്യം, ചെമ്പ്, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷ്യ വിഭവമാണ് ഓട്സ്. നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നതിനാൽ മിക്കവരുടെയും പ്രഭാത ഭക്ഷണമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഓട്സിൽ ബീറ്റാ ഗ്ലൂക്കൻ എന്ന വെള്ളത്തിൽ അലിഞ്ഞുചേരുന്ന നാരിന്റെ ഘടകം അധികം ഉള്ളതിനാൽ അമിതവണ്ണം, കൊളസ്ട്രോൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ ഇവയെല്ലാം നിയന്ത്രിക്കാൻ അനുയോജ്യമായ ഒരു ആഹാരമാണിത്.
എന്നാൽ, ഏതു തരം ഓട്സ് തിരഞ്ഞെടുക്കണം എന്നും അത് ഏതൊക്കെ രീതിയിൽ പാകം ചെയ്യുമ്പോഴാണ് നമ്മുടെ ആരോഗ്യത്തിന് ഗുണപ്രദമാകുന്നത് എന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഓട്സിനെ പ്രധാനമായും നാല് തരത്തിൽ ഉള്ളതുണ്ട്. ഇൻസ്റ്റന്റ് ഓട്സ്, റോൾഡ് ഓട്സ്, സ്റ്റീൽകട്ട് ഓട്സ്, ഹോൾ ഗ്രോട്ട് ഓട്സ് എന്നിവയാണ് അവ. ഇവയെല്ലാം വ്യത്യസ്തമായി സംസ്കരിക്കപ്പെട്ട ഇനങ്ങളാണ്. ഈ ഓട്സിന്റെ എല്ലാം പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.
ഹോൾ ഗ്രോട്ട് ഓട്സ് (Whole Groat Oats)
അര കപ്പിന് 8 ഗ്രാം പ്രോട്ടീൻ നൽകുന്ന ഏറ്റവും പ്രോട്ടീൻ സമ്പുഷ്ടമായ ഓട്സാണ് ഹോൾ ഗ്രോട്ട് ഓട്സ്. തൊണ്ട് നീക്കംചെയ്ത മുഴുവൻ പരിപ്പാണ് ഗ്രോട്ട്സ്. അത് നട്ട്സ് പോലെയുള്ളതും ചവയ്ക്കുവാൻ ഉതകുന്ന ഘടനയുള്ളതും പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നതുമാണ്. ഗ്രോട്ട് ഓട്സ് ദഹന സമയം വൈകിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നതിലൂടെ നിങ്ങളെ സംതൃപ്തരാക്കുകയും ചെയ്യുന്നു.
സ്റ്റീൽ കട്ട് ഓട്സ് (Steel Cut Oats)
ഗ്രോട്ട് ഓട്സ് മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മുറിക്കുമ്പോൾ ഐറിഷ് ഓട്സ് എന്നും അറിയപ്പെടുന്ന സ്റ്റീൽ കട്ട് ഓട്സ് ലഭിക്കുന്നു. സ്റ്റീൽ കട്ട് ഓട്സ് പോഷകങ്ങളാൽ സമ്പുഷ്ടവും ചവയ്ക്കുവാൻ എളുപ്പവുമാണ്. പ്രോട്ടീൻ അടങ്ങിയ സമ്പുഷ്ട ഭക്ഷണമാണ് സ്റ്റീൽ-കട്ട് ഓട്സ്. ഇവയിൽ അടങ്ങിയിട്ടുള്ള ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബർ, അവശ്യ ബി വിറ്റാമിനുകൾ, ഇരുമ്പ് എന്നിവ നിങ്ങൾക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇവ സമ്പൂർണ്ണ പ്രോട്ടീന്റെ ഒരു നല്ല ഉറവിടമാണ്. കൂടാതെ, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
റോൾഡ് ഓട്സ് (Rolled Oats)
ഓട്സിന്റെ എല്ല ഇനങ്ങളിലും വച്ച് ഏറ്റവും ജനപ്രിയവും വൈവിധ്യമാർന്നതുമായ തരമാണ് റോൾഡ് ഓട്സ്. ഹോൾ ഗ്രോട്ട് ഓട്സ് ആവിയിൽ വേവിച്ച് മൃദുവാക്കി റോളറുകൾക്കിടയിൽ അമർത്തി ഉണക്കി തയ്യാറാക്കുന്നതാണ് റോൾഡ് ഓട്സ്. റോൾഡ് ഓട്സ് ഭാഗികമായി ആവിയിൽ വേവിച്ചെടുക്കുകയും കൂടുതൽ വെള്ളം ആഗിരണം ചെയ്യുകയും ചെയ്യുന്നു.
ഇൻസ്റ്റന്റ് ഓട്സ് (Instant Oats)
ഇൻസ്റ്റന്റ് ഓട്സ് വളരെ നേർത്തതും കൂടുതൽ നേരം ആവി കയറ്റിയതും നിർജ്ജലീകരണം ചെയ്തതുമാണ്. ഇത് നിമിഷ നേരം കൊണ്ട് പാചകം ചെയ്യുവാൻ സാധിക്കുന്നതാണ്. ഇത് നന്നായി സംസ്കരിച്ച് വരുന്ന തരമായതിനാൽ ഇവയ്ക്ക് മിക്ക പോഷകങ്ങളും നഷ്ടപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക