ബോളിവുഡിന് മാത്രമല്ല സിനിമാ ആരാധകര്‍ക്ക് തന്നെ പ്രിയങ്കരിയാണ് ദീപിക പദുക്കോണ്‍. എത്ര വലിയ താരമാണെങ്കിലും ഭക്ഷണത്തോടുള്ള നടി ദീപിക പദുക്കോണിന്റെ പ്രണയം പരസ്യമാണ്.
താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ പലപ്പോഴും ഭക്ഷണത്തിന്റെ ചിത്രങ്ങൾ കാണാറുമുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഭക്ഷണപരീക്ഷണം നടത്തുകയും അവ പങ്കുവെക്കുകയും ചെയ്തിട്ടുള്ള സെലിബ്രിറ്റികളിലൊരാളുമാണ് ദീപിക. മിക്ക അഭിമുഖങ്ങളിലും ദീപിക തന്നെപ്പറ്റി തന്നെ പറയുന്നത് ഒരു ഭക്ഷണപ്രിയ എന്നാണ്.
ഇപ്പോളിതാ ദീപിക പദുകോണ്‍ ഒരു അഭിമുഖത്തിനിടെ തന്റെ ഇഷ്ടവിഭവത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഭൂട്ടാന് വിഭവമായ ‘എമ ദട്ഷി’ എന്നതാണ് ഈ വിഭവം. ഒരു തരത്തില്‍ നമ്മുടെ സ്റ്റൂ തന്നെയാണ്. ചോറിനൊപ്പമാണ് ഇത് ഏറെയും കഴിക്കുന്നത്.
ചീസാണ് പ്രധാനപ്പെട്ട ചേരുവ. വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ചോറിനൊപ്പം കഴിക്കാന്‍ ഏറെ രുചികരമായ വിഭവം കൂടിയാണിത്.
ഈ വിഭവം തയ്യാറാക്കുന്നതിനായി ചീസ്, പച്ചമുളക്, സവാള, ഓയില്‍, വെളുത്തുള്ളി എന്നിവയാണ് ആവശ്യമായ ചേരുവകള്‍. ആദ്യം തന്നെ ആവശ്യമായ പച്ചമുളകെടുത്ത് അത് നെടുകെ കീറി അരിയെല്ലാം വേര്‍പെടുത്തി മാറ്റി വയ്ക്കണം. ഇനിയൊരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും നീളത്തില്‍ അരിഞ്ഞ സവാളയും ചേര്‍ത്ത് വഴറ്റിയെടുക്കണം.
ഇതിലേക്ക് മാറ്റിവച്ച പച്ചമുളകും ചേര്‍ത്തുകൊടുക്കാം. എല്ലാം നന്നായി വഴണ്ടുവരുമ്പോള്‍ വെള്ളം ചേര്‍ത്തുകൊടുക്കാം. ശേഷം ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തുകൊടുക്കാം. വെള്ളം തിളയ്ക്കുമ്പോഴേക്ക് ചീസ് ചേര്‍ക്കാം. ചീസ് കൂടി നന്നായി തിളച്ച് കറിയിലേക്ക് ചേര്‍ന്നുവരുമ്പോള്‍ തീയണയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക