മലയാളികൾ ആണെങ്കിലും ചില വാക്കുകളുടെ അർത്ഥം അറിയണമെങ്കിൽ നിഘണ്ടു തന്നെ വേണം. എന്നാൽ ഇനി ഒറ്റ ക്ലിക്കിൽ മൊബൈൽ ഫോണിലൂടെ മലയാളവാക്കുകളുടെ അർത്ഥം അറിയാൻ സാധിക്കും എങ്കിലോ. എങ്കിൽ വളരെ സൗകര്യം ആയി. അത്തരത്തിൽ 3 ലക്ഷത്തോളം വാക്കുകളുടെ അർത്ഥങ്ങൾ സഹിതം മലയാള നിഘണ്ടു ആപ്പ് നാളെ മുതൽ പ്ലേസ്റ്റോറിൽ ലഭ്യമായി തുടങ്ങും.
ലോക മാതൃഭാഷാ ദിനത്തിൽ മലയാളഭാഷയ്ക്ക് സർഗ്ഗസമ്മാനമായി പുതുമയാർന്ന മൊബൈൽ ആപ്പ് തയ്യാറാക്കിയത് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആണ്. http://malayalanighandu.kerala.gov.in/ എന്ന ഓൺലൈൻ വിലാസത്തിലൂടെയും ആപ്പ് ലഭ്യമാകും.
ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം വാക്കുകൾ ഉൾപ്പെടുത്തിയാണ് ഇൻഫോക്സുമായി ചേർന്ന് ആപ്പിന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് രൂപം നൽകിയത്. നിഘണ്ടുവിന്റെ ഉള്ളടക്കം തയ്യാറാക്കുന്നതിന് കോളേജ് അധ്യാപകരും ഗവേഷകരും അടങ്ങിയ സംഘം ശില്പശാലകൾ നടത്തുകയും ശബ്ദതാരാവലി കേരള സർവകലാശാല മലയാളം ലെക്സിക്കൻ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള ഭാഷാ നിഘണ്ടു എന്നിവയും ഇതിനായി ഉപയോഗിച്ചു.
നേരത്തെ മലയാളം ഓൺലൈനിൽ നിഘണ്ടു നിർമ്മാണം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ആരംഭിച്ചിരുന്നുവെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചതോടെ ഇതുകൂടി ഉൾപ്പെടുത്തിയാണ് പുതിയ നിഘണ്ടു ഒരുക്കിയിരിക്കുന്നത്.
പ്രാദേശിക മൊഴികൾ, മറ്റ് സവിശേഷതകൾ എന്നിവ ശേഖരിച്ച് ദൈനംദിനമെന്നോണം പരിഷ്കരിക്കാനാകുന്ന നിഘണ്ടു ആർക്കും പുതിയ വാക്കുകൾ നിർദ്ദേശിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ എം സത്യൻ അറിയിച്ചു.
നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നതിനായി ആർക്കുവേണമെങ്കിലും വാക്കുകൾ നിർദ്ദേശിക്കാം എന്നും വിദഗ്ധ സമിതി പരിശോധിച്ച് ശേഷം വാക്കുകൾ നിഘണ്ടുവിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നും എം സത്യൻ പറഞ്ഞു. നാളെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ആപ്പ് ഭാഷാസ്നേഹികൾക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക