ഉപ്പ് ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ കടന്നുപോകാറില്ല. നിത്യേനയുളള ഭക്ഷണത്തില്‍ ഉപ്പിന്റെ പ്രാധാന്യം അത്രയധികമാണ്. നമ്മുടെ ശരീരത്തില്‍ ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലുമെല്ലാം പ്രശ്നങ്ങളാണ്. എന്നാല്‍ ആരോഗ്യത്തിന് സഹായിക്കുന്ന ചില തരം ഉപ്പുമുണ്ട്. ഇതില്‍ ഒന്നാണ് ഇന്തുപ്പ്. ആയുര്‍വേദത്തില്‍ പറയുന്ന മരുന്നാണ് ഇത്. ഉപ്പിന് പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ഇന്തുപ്പ്. പല ആരോഗ്യ ഗുണങ്ങളും നല്കുന്ന ഒന്നാണിത്. ഇന്തുപ്പ് നമ്മുടെ ശരീരത്തിന് നല്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ.
രാജസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ ആണ് പിങ്ക് ഉപ്പ് കൂടുതലായി കണ്ടു വരുന്നത്. റോക്ക് സാൾട്ട്, ഇന്തുപ്പ് എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ഹിമാലയൻ പിങ്ക് ഉപ്പ് ആണ് ഇന്ന് വിപണിയിൽ ലഭിക്കുന്നത്. അഷ്ടാംഗ സംഗ്രഹം, ചരക സംഹിത, ശുശ്രുത ഭാവപ്രകാശ നിഘണ്ടു, അഷ്ടാംഗഹൃദയം എന്നീ കൃതികളിൽ ഇന്തുപ്പിന്റെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഹിമാലയത്തിൽ സിന്ധ് പ്രവിശ്യയിലെ ഇന്തുപ്പാണ് ഏറ്റവും നല്ലത്.
നമ്മുടെ ശരീരത്തിന് ഗുണകരമായ പ്രകൃതിദത്ത ധാതുക്കളും പോഷകഘടകങ്ങളുമെല്ലാം ഇന്തുപ്പില് അടങ്ങിയിട്ടുണ്ട്. ഹിമാലയന്‍ റോക്ക് സാള്‍ട്ട് അഥവാ പിങ്ക് റോക്ക് സാള്‍ട്ട് എന്നും ഇന്തുപ്പ് അറിയപ്പെടുന്നു. പൊടിയുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്തുപ്പിന്റെ രുചിയിലും വ്യാത്യാസങ്ങള്‍ കാണാം.
സൈനസ് പ്രശ്നങ്ങൾ, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ റോക്ക് സാൾട്ടിന് സാധിക്കും.റോക്ക് സാൾട്ടിലെ ധാതുക്കൾ മെറ്റബോളിസം വർധിപ്പിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ദഹനത്തിന് ഏറെ ഗുണകരമാണ് ഇന്തുപ്പ്. അതുപോലെ ഉദരസംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇന്തുപ്പ് ഏറെ സഹായകമാണ്. രക്തസമ്മര്‍ദ്ദം കൂടുതലുളളവര്‍ക്കും മിതമായ രീതിയില്‍ ഇന്തുപ്പ് ഉപയോഗിക്കാം. മലബന്ധം മാറാനായി ഇന്തുപ്പിട്ട വെളളം കുടിക്കുന്നത് ഗുണം ചെയ്യും.
ഇന്തുപ്പിന്റെ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഗുണം ഇത് ശരിയായ രക്തചംക്രമണം ഉറപ്പാക്കാൻ സഹായിക്കുന്നു എന്നതാണ്. സോഡിയത്തിന്റെ അളവ് കുറവായതിനാൽ, ഇന്തുപ്പ് രക്തം നേർത്തതാക്കാൻ സഹായിക്കുന്നു, ഇത് ശരിയായ രക്തചംക്രമണത്തിന് സഹായിക്കുകയും, രക്തസമ്മർദ്ദത്തിന്റെ അളവ് സന്തുലിതമായി നിലനിർത്തുകയും ചെയ്യുന്നു. ഇത് രക്തം കട്ടപിടിക്കുന്ന അവസ്ഥയും കൊളസ്ട്രോൾ പ്രശ്നത്തെയും ഫലപ്രദമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന് ഇന്തുപ്പ് ഏറെ നല്ലതാണ്. സന്ധികളിലെയും പേശികളിലെയും നീരകറ്റാന് സഹായിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടാണ് ആയുര്‍വ്വേദത്തില്‍ കിഴികളുണ്ടാക്കാനും മറ്റുമെല്ലാം ഇന്തുപ്പ് ഉപയോഗിക്കുന്നത്.
ഉറങ്ങുന്നതിന് മുമ്പ് ഇന്തുപ്പിട്ട വെളളത്തില്‍ കുളിക്കുന്നതുവഴി സുഖകരമായ ഉറക്കം ലഭിക്കും. അതുപോലെ ഇന്തുപ്പിട്ട വെളളത്തില്‍ കുളിച്ചാല്‍ കാലുവേദന മാറിക്കിട്ടും. പ്രമേഹരോഗമുളളവര്‍ക്കും അമിത ഭാരത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്കുമെല്ലാം ഇന്തുപ്പ് നല്ലതാണ്. ശരീരത്തിന് തണുപ്പ് നല്‍കാനും ഇന്തുപ്പ് സഹായിക്കും.
ഹിമാലയത്തിന്റെ താഴ്വരയിലുളള ഉപ്പുഖനികളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതാണ് ഇന്തുപ്പ്. മറ്റ് ഉപ്പുകളെ അപേക്ഷിച്ച് വില അല്പം കൂടുതലാണെന്ന് പറയാം. മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം, മാംഗനീസ് എന്നീ ലോഹങ്ങൾ പിങ്ക് ഉപ്പിൽ അടങ്ങിയിരിക്കുന്നു.
ഗ്യാസ്,അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. ഇന്തുപ്പിന്റെ ക്ഷാര സ്വഭാവം ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത് ആസിഡ് റിഫ്ലക്സുകൾ നിലനിർത്തുന്നതിനും നെഞ്ചെരിച്ചിൽ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. അസിഡിറ്റിയും മലബന്ധവും ഭേദമാക്കാൻ ഇന്തുപ്പ് ഏറെ നല്ലതാണ്.
ത്രിദോഷങ്ങളായ വാതം, പിത്തം, കഫം ഇവ മൂന്നിനെയും ബാലൻസ് ചെയ്യാൻ പിങ്ക് ഉപ്പിന് സാധിക്കുന്നു. ശരീരത്തിലെ ഉപാപചയം വർധിപ്പിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും അമിതവണ്ണമുള്ളവർക്കും നല്ലതാണ്.
ഇന്തുപ്പ് ചൂടാക്കി മസാജ് ചെയ്യുന്നത് സന്ധി വേദന പരിഹരിക്കാൻ സഹായിക്കുന്നു. ഇതിനായി കുറച്ച് ഉപ്പ് ഒരു വൃത്തിയുള്ള തുണിയിൽ വയ്ക്കുക. ഇത് ഒരു കിഴി പോലെയാക്കി കെട്ടി ചട്ടിയിലോ കലത്തിലോ വച്ച് ചൂടാക്കുക. ഉപ്പ് കരിയുന്നില്ലെന്നും അമിതമായി ചൂടാകുന്നില്ലെന്നും ഉറപ്പാക്കുക. 10-15 മിനുട്ട് ഈ കിഴി വേദന ബാധിച്ച ഭാഗത്ത് ലഘുവായി അമർത്തുക. ശരീരവേദനയിൽ നിന്ന് വേഗത്തിലും ദീർഘകാലവുമായ ആശ്വാസം ലഭിക്കണമെങ്കിൽ ഈ നടപടിക്രമം രണ്ടുതവണ ആവർത്തിക്കുക. ശരീര വേദനകള്‍ക്കും ഇതേറെ നല്ലതാണ്.
റോക്ക് സാൾട്ട് അഥവാ ഇന്തുപ്പ് ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു എക്സ്ഫോളിയേറ്ററായി ഇത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക