ഓപ്പറേഷൻ സുതാര്യത എന്ന പേരിൽ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. സംസ്ഥാനത്തെ 88 വില്ലേജ് ഓഫീസുകളിൽ ആണ് വിജിലൻസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടക്കുന്നത്. ഇ- ഡിസ്ട്രിക്ട് പോർട്ടൽ സംവിധാനം അട്ടിമറിക്കുന്നു എന്ന് രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനായി വില്ലേജ് ഓഫീസുകളിൽ ആരംഭിച്ച സംവിധാനമാണ് ഇ ഡിസ്ട്രിക്ട് പോർട്ടൽ. സംസ്ഥാനത്തെ പല വില്ലേജ് ഓഫീസുകളിലും ലഭ്യമാകുന്ന അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാതെ അണ്ടർ റീ വെരിഫിക്കേഷൻ/ അണ്ടർ എക്സ്ട്രാ വെരിഫിക്കേഷൻ/ റിട്ടേൺഡ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി മാറ്റിവെക്കപ്പെടുന്നതായുള്ള ആരോപണത്തെ തുടർന്നാണ് വിജിലൻസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുന്നത്.
വയനാട് നാല് വില്ലേജ് ഓഫീസുകളിലും കാസർകോട് ജില്ലയിലെ 3 വില്ലേജ് ഓഫീസുകളിലും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 6 വില്ലേജ് ഓഫീസുകളിലും പത്തനംതിട്ടയിലെ 5 വില്ലേജ് ഓഫീസുകളിലും എറണാകുളം, കൊല്ലം, കോട്ടയം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലെ 7 വില്ലേജ് ഓഫീസുകളിലും തിരുവനന്തപുരം ജില്ലയിലെ 13 വില്ലേജ് ഓഫീസുകളിലും ആണ് വിജിലൻസിന്റെ നേതൃത്വത്തിലുള്ള മിന്നൽ പരിശോധന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക