പ്രായഭേദമന്യേ എല്ലാവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് ദന്തക്ഷയം. പല്ലുകളുടെ ശുചിത്വത്തിലും പരിചരണത്തിലും നമ്മൾ കാണിക്കുന്ന അശ്രദ്ധയും മാറി വരുന്ന ജീവിതശൈലിയുമാണ് ദന്തക്ഷയത്തിനു പ്രധാനകാരണം. പല്ലിൽ അടിഞ്ഞുകൂടുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പലതരം ബാക്ടീരിയകളുമായി പ്രതിപ്രവർത്തിക്കുമ്പോള്‍ വായ്ക്കുള്ളിലെ അമ്ലത (അസിഡിക് ലെവൽ) കൂട്ടുന്നു. ഇവയാണ് ദന്തക്ഷയം ഉണ്ടാക്കുന്നത്. എന്നാല്‍ മിക്കപ്പോഴും നമ്മുടെ അശ്രദ്ധയുടെ തന്നെ ഭാഗമായിട്ടാണ് ഇത് സംഭവിക്കുക. ഇതിനു കാരണങ്ങൾ നോക്കാം.
പല്ലിന്റെ ഇനാമല്‍ നശിക്കുന്നത് ചായ, കാപ്പി എന്നിങ്ങനെയുള്ള ചൂടോടെ നാം കഴിക്കുന്ന പാനീയങ്ങളാണ് അധികവും ഇനാമലിനെ ദോഷകരമായി ബാധിക്കുന്നത്. പതിവായി ഇങ്ങനെ അമിതമായ ചൂടേല്ക്കുമ്പോള് ക്രമേണ പല്ലിന്റെ ഇനാമല്‍ നശിക്കുന്നതിലേക്ക് എത്താം. പ്രത്യേകിച്ച് പല്ലിന് മുൻപ് പ്രശ്നമുള്ളവരില്‍. പല്ലിന്റെ ഇനാമല്‍ നശിക്കുന്നതിന് അനുസരിച്ച് കാവിറ്റി (പോട്), പല്ല് പുളിപ്പ്, നിറംമാറ്റം എല്ലാം സംഭവിക്കാൻ സാധ്യതയുണ്ട്.
വളരെ തണുത്ത പാനീയങ്ങളും ക്രമേണ പല്ലിന് ദോഷകരമായി വരാം. ഇവ പല്ലിന്റെ ഇനാമല്‍ ചുരുങ്ങുന്നതിലേക്കാണ് നയിക്കുക. ക്രമേണ പല്ല് പൊട്ടുന്നതിനും, പല്ലില്‍ വിള്ളല്‍ വീഴുന്നതിനും, പൊളിഞ്ഞ് പോരുന്നതിലേക്കുമെല്ലാം നയിക്കുന്നു. പല്ല് പുളിപ്പുള്ളവരാണ് ഇക്കാര്യങ്ങളെല്ലാം കൂടുതലും ശ്രദ്ധിക്കേണ്ടത്.
ചൂടുള്ളതോ തണുത്തതോ ആയ പാനീയങ്ങള്‍ കുടിക്കുമ്പോൾ കഴിയുന്നതും സ്ട്രോ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് പല്ലിന് പോറലേല്‍ക്കുന്നത് കുറയ്ക്കും. ചായയോ കാപ്പിയോ അല്ലെങ്കില്‍ മധുരമുള്ള മറ്റ് പാനീയങ്ങളോ എല്ലാ കഴിച്ചുകഴിഞ്ഞാല്‍ വായ നല്ലതുപോലെകഴുകുന്നതും ഇനാമല്‍ നശിക്കുന്നതും കറ പിടിക്കുന്നതുമെല്ലാം തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക