ഷാജഹാൻപൂർ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു. നിഹാൽ ഖാൻ (35) ആണ് കൊല്ലപ്പെട്ടത്. യു.പിയിൽ വിവാഹ സൽകാരത്തിൽ പങ്കെടുക്കുന്നതിനിടെ ആണ് ഇയാൾ വെടിയേറ്റ് മരിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിന്റെ ഭാര്യാ സഹോദരൻ ആണ് വെടിയേറ്റ് കൊല്ലപ്പെട്ട നിഹാൽ ഖാൻ. ബുധനാഴ്ച ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ ജലാലാബാദിലായിരുന്നു സംഭവം.
മുംബൈയിലെ ബൈക്കുള സ്വദേശിയായ നിഹാൽ, സഹോദരിയുടെ മകന്റെ വിവാഹ സൽകാര ചടങ്ങിനായി ജലാലാബാദിൽ എത്തിയതായിരുന്നു. നിഹാൽ ജലാലാബാദ് മുനിസിപ്പൽ ചെയർമാൻ ഷക്കീൽ ഖാന്റെ ഭാര്യാ സഹോദരൻ കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ മറ്റൊരു സഹോദരി റിസ്വാന ഹസനെയാണ് ഇഖ്ബാൽ കസ്കർ വിവാഹം ചെയ്തത്. പണംതട്ടിപ്പ് കേസിൽ 2018 മുതൽ തലോജ സെൻട്രൽ ജയിലിൽ കഴിയുകയാണ് ഇഖ്ബാൽ.
ഷക്കീൽ ഖാന്റെ സഹോദരൻ കാമിൽ ഖാന്റെ മകളോടൊപ്പം നിഹാൽ 2016 ൽ ഒളിച്ചോടിപ്പോയിരുന്നു. ഇതിന്റെ പക തീർക്കാൻ കാമിലാണ് വെടിവെച്ചുകൊന്നതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. “ഫെബ്രുവരി 15 ന് നിഹാൽ റോഡ് വഴിയാണ് ഇവിടെയെത്തിയത്. കാമിലിന്റെ മനസ്സിൽ ഇപ്പോഴും നിഹാലിനോട് പകയുണ്ടായിരുന്നു. എന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ നിഹാൽ എത്തിയതറിഞ്ഞ് ഇയാളുടെ പക്കൽ തോക്ക് ഉണ്ടായിയുന്നു. അവസരം കാത്തിരുന്ന കാമിൽ, വിവാഹ ചടങ്ങിന്റെ നാലാം ദിവസം വെടിവെച്ച് കൊല്ലുകയായിരുന്നു’ -ഷക്കീൽ ഖാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക