നിരവധി നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മനസാ വാചാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് ഒന്നിന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകുമാർ പൊടിയനാണ്.
നർമ്മ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളത് എന്ന് വെളിവാക്കുന്നതാണ് പുറത്തിറങ്ങിയ ട്രെയിലർ. തൃശ്ശൂർ ജില്ലയുടെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയത്. ദിലീഷ് പോത്തനെ കൂടാതെ പ്രശാന്ത് അലക്സാണ്ടർ, കിരൺകുമാർ, സായ് കുമാർ,ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രധാന കഥാപാത്രമായ ധാരാവി ദിനേശ് എന്ന കഥാപാത്രമായാണ് ദിലീഷ് പോത്തൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് മജീദ് സൈദ് ആണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലും ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്ന ചിത്രം മോഷണം ഇതിവൃത്തം ആക്കിയാണ് ഒരുക്കിയിരിക്കുന്നത്.
എൽദോ ഐസക്ക് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഒനീൽ കുറുപ്പ് സഹനിർമ്മാതാവാകുന്നു. ലിജോ പോൾ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സുനിൽകുമാർ പി കെ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക