രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വേട്ടയ്യൻ’. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ പോലീസ് വേഷത്തിലായിരിക്കും തലൈവർ എത്തുന്നത്. ഇപ്പോഴിതാ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വേട്ടയ്യന്റെ ചിത്രീകരണത്തിന് ശേഷം കാറിൽ താമസസ്ഥലത്തെത്തുന്ന തലൈവരുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പോലീസ് വേഷത്തിലാണ് താരം ഹോട്ടലിൽ എത്തുന്നത്. തന്നെ കാത്തുനിന്ന മാദ്ധ്യമങ്ങളോടും ആരാധകരോടും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. സിനിമയുടെ ചിത്രീകരണം മാർച്ച് അവസാന വാരം പൂർത്തിയാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇന്നലെ മറീന ബീച്ചിൽ വച്ചു നടന്ന കരുണാനിധിയുടെ സ്മാരക ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ചിത്രീകരണത്തിനായി രജനികാന്ത് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കടപ്പയിലായിരുന്നു ഇതിന് മുൻപ് ചിത്രീകരണം നടന്നത്. ആന്ധ്രാ ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഫഹദ് ഫാസിലിന്റെയും റാണാ ദഗ്ഗുബട്ടിയുടെയും ലൊക്കേഷൻ ചിത്രമാണ് വൈറലായത്.
രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ, റിതിക സിംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക