തൃശൂര്‍: ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കുന്നംകുളത്ത് രണ്ട് ആനകള്‍ ഇടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. വ്യത്യസ്ത ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് ആന ഇടഞ്ഞ സംഭവം ഉണ്ടായത്. പെങ്ങാമുക്കിലും പൊറവുരിലും നടന്ന ശിവരാത്രി ഉത്സവങ്ങളിലാണ് ആനകള്‍ ഇടഞ്ഞത്.
പെങ്ങാമുക്ക് പീഠികേശ്വരം ശിവക്ഷേത്രത്തില്‍ ശിവരാത്രിയ്ക്ക് കൊണ്ടുവന്ന കൊമ്പന് ഊട്ടോളി ചന്തുവാണ് ഇടഞ്ഞത്. വൈകുന്നേരം ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പാപ്പാന്മാരും എലിഫന്റ് സ്ക്വാഡും ചേര്‍ന്നാണ് ആനയെ തളക്കാൻ കഴിഞ്ഞത്. തുടർന്ന് ആനയെ കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരത്തിയില്ല.
പെരുമ്പിലാവ് പൊറവൂരില്‍ ഉത്സവത്തിനിടെ കൊമ്പന് പാണഞ്ചേരി പരമേശ്വരനായിരുന്നു ഇടഞ്ഞത്. ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം നടന്നത്. അമ്പലത്തിലേക്ക് എഴുന്നള്ളിച്ച് കൊണ്ടു വരുന്നതിനിടയ്ക്ക് ഇടഞ്ഞ കൊമ്പന് സമീപത്തെ പറമ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ പറമ്പില്‍ നില ഉറപ്പിച്ച കൊമ്പനെ എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളച്ചത്. സംഭവം അറിഞ്ഞ് കുന്നംകുളം സബ് ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. മൊത്തത്തിൽ രണ്ട് സ്ഥലങ്ങളിലാണ് ആനകള്‍ ഇടഞ്ഞത്. ക്ഷേത്രങ്ങളിൽ ശിവരാത്രി ഉത്സവങ്ങൾ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക