ദിവസം കഴിയുംതോറും സംസ്ഥാനത്ത് താപനില ഉയരുകയാണ്. ചൂടിന് യാതൊരു ശമനവും ഇല്ല. വർദ്ധിച്ചു വരുന്ന താപനില കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പാലക്കാട് ജില്ലയിൽ താപനില 39 ഡിഗ്രി സെൻഷ്യസ് വരെ ഉയരും എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
വിവിധ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകിയത്.
മലയോര മേഖലകൾ ഒഴികെ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും ഉയർന്ന താപനിലയും ഈർപ്പവുമുള്ള വായുവുമാണ് ഇതിന് കാരണം എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ ഏറെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക